rahul-attacks-modi

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും തന്റെ പിതാവുമായ രാജീവ് ഗാന്ധിയെ അഴിമതിക്കാരനെന്ന് വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. ഇതിനൊപ്പം തന്റെ സ്നേഹവും ഹൃദയത്തിൽ തൊട്ട ആലിംഗനവും മോദിക്ക് സമർപ്പിക്കുന്നതായും രാഹുൽ തന്റെ ട്വിറ്ററിലൂടെ അറിയിച്ചു.

രാഹുലിന്റെ ട്വീറ്റ് ഇങ്ങനെ

യുദ്ധം അവസാനിച്ചിരിക്കുന്നു. നിങ്ങളുടെ കർമഫലം കാത്തിരിക്കുന്നുണ്ട്. തന്റെ പിതാവിന്റെ പേര് ഉപയോഗിച്ച് രക്ഷപ്പെടാമെന്ന് മോദി കരുതേണ്ട. അത് നിങ്ങളെ രക്ഷിക്കില്ല. ഒരുപാട് സ്‌നേവും ആലിംഗനവും നിങ്ങൾക്ക് വേണ്ടി സമർപ്പിക്കുന്നു

അതേസമയം, രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ചയാളാണ് തന്റെ പിതാവെന്നും താൻ ഇക്കാര്യത്തിൽ അഭിമാനിക്കുന്നുവെന്നും മകളും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. മരിച്ച് പോയവരെക്കുറിച്ച് പോലും ഇത്തരം വാക്കുകൾ ഉപയോഗിക്കുന്ന പ്രധാനമന്ത്രി ഇന്ത്യയ്‌ക്ക് അപമാനമാണെന്ന് കോൺഗ്രസ് നേതാക്കളും പ്രതികരിച്ചു. മോദിയുടേത് ലജ്ജിപ്പിക്കുന്ന പ്രസ്‌താവനയാണെന്നും കോൺഗ്രസ് ആരോപിക്കുന്നു. 1991ൽ രാജ്യത്തിന് വേണ്ടി ജീവൻ ബലികഴിച്ച രാജീവ് ഗാന്ധിയെ ഇത്തരത്തിൽ അപമാനിച്ചതിലൂടെ മോദി മര്യാദയുടെ എല്ലാ അതിരുകളും ലംഘിച്ചതായി മുൻകേന്ദ്രമന്ത്രി പി.ചിദംബരവും പ്രതികരിച്ചു.

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായാണ് രാജീവ് ഗാന്ധി മരിച്ചതെന്ന നരേന്ദ്ര മോദിയുടെ പ്രസ്‌താവന ഏറെ വിവാദമായിരുന്നു. രാജീവ്‌ ഗാന്ധിയെയും കോൺഗ്രസിനെയും പിടിച്ചുലച്ച ബൊഫേഴ്‌സ്‌ കേസിനെ പരാമർശിച്ചായിരുന്നു മോദിയുടെ ആരോപണം. സ്വീഡനിൽ നിന്ന്‌ ഇന്ത്യക്ക്‌ വെടിക്കോപ്പുകൾ വാങ്ങാൻ സ്വീഡിഷ്‌ നിർമാണകമ്പനിയായ ബൊഫേഴ്‌സിൽ നിന്ന്‌ രാജീവ്‌ ഗാന്ധി അടക്കമുള്ള ഉന്നതർ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്‌. എന്നാൽ കേസിൽ രാജീവ് ഗാന്ധി അടക്കമുള്ള കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നില്ല.