കോട്ടയം: ജില്ലയിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന അജ്ഞാത സന്ദേശത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തി. തലയോലപ്പറമ്പു സ്വദേശി ബോംബ് സ്‌ഫോടനം നടത്തുമെന്നാണ് ഡി.ജി.പിയുടെ ഓഫിസിൽ അജ്ഞാത സന്ദേശം എത്തിയത്. നാല് ദിവസം മുമ്പു ലഭിച്ച സന്ദേശത്തെ തുടർന്ന് തലയോലപ്പറമ്പു സ്വദേശിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വീട് പരിശോധനയും നടത്തിയിരുന്നു. കൊലപാതക കേസിലെ പ്രതിയാണു കസ്റ്റഡിയിലെടുത്ത തലയോലപ്പറമ്പു സ്വദേശി. അതേസമയം, ഇന്റർനെറ്റിലൂടെ ഫോൺ ചെയ്‌ത അജ്ഞാതനെ കണ്ടെത്താനുള്ള ശ്രമം നടത്തുകയാണ്. ജില്ലയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്നതിന് സമാനമായ രീതിയിൽ കേരളത്തിലും സ്ഫോടനം നടത്താൻ ഭീകരർ പദ്ധതിയിട്ടിരുന്നതായി കഴിഞ്ഞ ദിവസം പിടിയിലായ റിയാസ് അബൂബക്കർ മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്താകമാനം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. അതേസമയം, ഐസിസ് തീവ്രവാദികളുടെ ലക്ഷ്യസ്ഥാനങ്ങളിൽ കേരളവുമുണ്ടെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിനെ തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെ ഇന്റലിജൻസ് ഏജൻസികൾ കേരളത്തിലെത്തിയിട്ടുണ്ട്.