news

1. മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് എതിരെ കേസ്. ബാബ രാംദേവ് ഉള്‍പ്പെടെ ഉള്ളവര്‍ നല്‍കിയ പരാതിയില്‍ ഹരിദ്വാര്‍ പൊലീസ് കേസ് എടുത്തു. നടപടി, കഴിഞ്ഞ ദിവസം ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിംഗ് ഠാക്കൂര്‍ നടത്തിയ പ്രസ്താവനയ്ക്കുള്ള മറുപടി പ്രസംഗത്തിന് പിന്നാലെ. ഹിന്ദുക്കള്‍ ആരും അക്രമകാരികള്‍ അല്ല എന്നായിരുന്നു പ്രജ്ഞയുടെ പ്രസ്താവന. ഇതിന് രാമായണവും മഹാഭാരതവും പോലും അക്രമ സംഭവങ്ങള്‍ നിറഞ്ഞവ ആണെന്ന തരത്തില്‍ ആയിരുന്നു യെച്ചൂരിയുടെ മറുപടി.



2. ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ല എന്ന് പ്രജ്ഞ സിംഗ് ഠാക്കൂര്‍. രാജ്യത്ത് ഒട്ടേറെ രാജാക്കന്മാരും പ്രഭുക്കളും യുദ്ധം ചെയ്തിട്ടുണ്ട് എന്നും രാമയണവും മഹാഭാരതവും പോലും അക്രമ സംഭവങ്ങള്‍ നിറഞ്ഞവയാണ് എന്നായിരുന്നു യെച്ചൂരിയുടെ മറുപടി പ്രസംഗം. ഒരു പ്രചാരക് ആയിരുന്ന നിങ്ങള്‍ ഈ കാര്യങ്ങള്‍ വിശദീകരിക്കുന്നവര്‍ ആണ്. എന്നിട്ടും നിങ്ങള്‍ ആവശ്യപ്പെടുന്നത്, ഹിന്ദുക്കള്‍ക്ക് അക്രമസക്തര്‍ ആകാന്‍ പറ്റില്ല എന്ന്. അക്രമത്തില്‍ മുഴുകുന്ന ഒരു മതം ഉണ്ട് എന്നും എന്നാല്‍, ഹിന്ദുക്കള്‍ അങ്ങനെ അല്ല എന്ന് പറയുന്നതിന്റെ യുക്തി എന്ത് എന്നും യെച്ചൂരിയുടെ ചോദ്യം.

3 ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈഗിംക പരാതിയില്‍ പുതിയ നിലപാടുമായി ജഡ്ജിമാര്‍. പരാതിക്കാരുടെ അസാന്നിധ്യത്തില്‍ അന്വേഷണം പാടില്ല. പുതിയ നിലപാടും ആയി രംഗത്ത് വന്നത്, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും റോഹിന്റണ്‍ നരിമാനും. ഇരുവരും ആഭ്യന്തര സമിതിയിലെ ജഡ്ജിമാരെ നേരില്‍ കണ്ടാണ് എതിര്‍പ്പ് അറിയിച്ചത്. ഏകപക്ഷീയം ആയ അന്വേഷണം സുപ്രീംകോടതിയുടെ പേര് കളങ്കപ്പെടുത്തും എന്നും പ്രതികരണം.

4 ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെ ലൈഗിംക ആരോപണം ഉന്നയിച്ച മുന്‍ കോടതി ജീവനക്കാരി സുപ്രീംകോടതി ആഭ്യന്തര പരാതി പരിഹാര സമിതിക്ക് മുന്‍പാകെ ഹാജരായിരുന്നു. പരാതിക്കാരി ഹാജരായത്, ജസ്റ്റിസുമാരായ എസ്. എ ബോബ്‌ഡെ, ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി എന്നിവര്‍ അടങ്ങിയ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് മുമ്പാകെ. അതേസമയം, ഏകപക്ഷീയം ആയി തീരുമാനം എടുക്കുന്ന, തന്റെ ഭാഗം കേള്‍ക്കാത്ത സമിതിയില്‍ വിശ്വാസം ഇല്ല എന്നും അതിനാല്‍ സിമിതിക്ക് മുന്‍പില്‍ ഹാജരാവില്ല എന്നും യുവതി നേരത്തെ അറിയിച്ചിരുന്നു.

5 എറണാകുളം കളമശേരിയില്‍ ഭാര്യയെയും മകനെയും തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കൊച്ചിയില്‍ ഹോട്ടല്‍ ജീവനക്കാരനായ സജിയാണ് ഭാര്യയെയും കുഞ്ഞിനെയും കൊന്ന ശേഷം തൂങ്ങി മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സജിയുടെ ഭാര്യാമാതാവിനെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

6 കളമശേരി കൊച്ചിന്‍ സര്‍വകലാശാല കാമ്പസിന് സമീപം പുലര്‍ച്ചെ രണ്ടു മണിയോടെ ആയിരുന്നു സംഭവം. സജിയുടെ ഭാര്യ ബിന്ദുവും ഒന്നര വയസ്സുള്ള മകനും ഉറങ്ങി കിടന്നപ്പോഴാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ശബ്ദം കേട്ടെത്തിയ ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിയുടെ ശരീരത്തിലും തീ കൊളുത്തിയ ശേഷം സജി ശുചിമുറിയില്‍ കയറി തൂങ്ങി മരിക്കുക ആയിരുന്നു. പൊള്ളലേറ്റ് പുറത്തേക്കോടിയ ആനന്ദവല്ലിയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ കൂടിയതും പൊലീസില്‍ വിവരമറിയിച്ചതും. എറണാകുളം പട്ടിമറ്റം സ്വദേശികളാണ് ആനന്ദവല്ലിയും, ബിന്ദുവും. സജി കൊല്ലം സ്വദേശിയാണ്

7 നിലത്ത് കത്തിക്കരിഞ്ഞ പായയില്‍ കിടക്കുന്ന നിലയിലാണ് ബിന്ദുവിന്റെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ ആനന്ദവല്ലിയുടെ ആരോഗ്യനില ഗുരുതരമാണ്. മദ്യലഹരിയിലാണ് സജി കൃത്യം ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സജിയും ബിന്ദുവും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും നാട്ടുകാര്‍ പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

8 മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന് നടക്കും. സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, അങ്കമാലി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 12 കേന്ദ്രങ്ങളിലായി ഒരുലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. രാജ്യത്താകമാനം 154 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചത്. ഫോനി ചുഴലിക്കാറ്റ് നാശം വിതച്ച ഒഡിഷയില്‍ പരീക്ഷ മാറ്റിവച്ചു

9 15.19 ലക്ഷം വിദ്യാര്‍ഥികളാണ് നീറ്റിന് രജിസ്റ്റര്‍ ചെയ്തത്. പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ അനുവദിച്ചിരുന്ന പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റിയതായി എന്‍.ടി.എ നേരത്തേ അറിയിച്ചിരുന്നു. ഈ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ എന്‍.ടി.എ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത പുതിയ അഡിമിറ്റ് കാര്‍ഡുമായാണ് പരീക്ഷയ്ക്ക് എത്തേണ്ടത്. മുന്‍ വര്‍ഷങ്ങളിലേതു പോലെ കര്‍ശന മാര്‍ഗ നിര്‍ദേശങ്ങളാണ് പരീക്ഷാര്‍ഥികള്‍ക്കായി പുറപ്പെടുവിച്ചത്. ഉച്ചയ്ക്ക് ഒന്നര മുതല്‍ ആണ് പരീക്ഷ

10 ശനിയാഴ്ച നടന്ന മിസൈല്‍ പരീക്ഷണം ഔദ്യോഗികമായി സ്ഥിരീകരിച്ച് ഉത്തരകൊറിയ. രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ആണ് മിസൈല്‍ പരീക്ഷണം സ്ഥിരീകരിച്ചത്. ഹോഡോ മേഖലയില്‍ നിന്ന് പരീക്ഷണം നടത്തി എന്നാണ് ഉത്തരകൊറിയ അറിയിക്കുന്നത്. നിരവധി ഹൃസ്വദൂര മിസൈലുകള്‍ കിം ജോങ് ഉന്നിന്റെ നിര്‍ദേശപ്രകാരം ഉത്തരകൊറിയ പരീക്ഷിച്ചു.

11.രാജ്യത്തിന്റെ രാഷ്ട്രീയ പരമാധികാരവും സാമ്പത്തിക സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന് ആയാണ് പരീക്ഷണം നടത്തിയത് എന്നും ഉത്തരകൊറിയ വ്യക്തമാക്കി. അതേസമയം, മിസൈല്‍ പരീക്ഷണം സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം പുറത്ത് വന്നു. നിലവില്‍ ഉത്തരകൊറിയയും അമേരിക്കയും തമ്മില്‍ നില നില്‍ക്കുന്ന നല്ല ബന്ധം അപകടത്തിലാക്കാന്‍ കിം ജോങ് ഉന്‍ ശ്രമിക്കില്ലെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. താന്‍ ഒപ്പമുണ്ടെന്ന് ഉത്തരകൊറിയന്‍ നേതാവിന് അറിയാം. തനിക്ക് തന്ന വാഗ്ദാനം കിം ലംഘിക്കില്ലെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി