ksrtc

പീരുമേട്: ദീർഘദൂര ബസ് യാത്രകളിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കൃത്യമായ സമയത്ത് വെള്ളമോ ഭക്ഷണമോ ലഭിക്കാത്തതാണ്. ഇതിന് പരിഹാരമായി തങ്ങളുടെ ബസിൽ കയറുന്ന യാത്രക്കാർക്ക് സൗജന്യമായി കുടിവെള്ളം നൽകി മാതൃകയാവുകയാണ് കുമളി - കൊന്നയ്‌ക്കാട് സൂപ്പർ ഫാസ്‌റ്റ് ബസിലെ ജീവനക്കാർ. സാധാരണ കോർപ്പറേഷന്റെ പ്രീമിയം സർവീസുകളായ വോൾവോ,സ്‌കാനിയ ബസുകളിലാണ് കുടിവെള്ളം പോലുള്ള സൗകര്യങ്ങൾ ഉള്ളത്. എന്നാൽ തങ്ങളുടെ ബസിലും ഈ സൗകര്യം വേണമെന്ന് ഡ്രൈവർ അഭിലാഷ് മാത്യുവും കണ്ടക്‌ടർ നജിമുദീനും തീരുമാനിക്കുകയായിരുന്നു. യാത്രക്കാരുടെയും അധികൃതരുടെയും പിന്തുണയും കൂടി ലഭിച്ചതോടെ കുടിവെള്ള വിതരണം നാട്ടിൽ ഹിറ്റായി.

ഇതിന് പുറമെ സ്ഥിരം യാത്രക്കാരെ ഉൾപ്പെടുത്തി വാട്സ്ആപ്പ് കൂട്ടായ്‌മയും ജീവനക്കാർ രൂപീകരിച്ചിട്ടുണ്ട്.ബസ് എവിടെ എത്തിയെന്ന് ഇതിലൂടെ അറിയാൻ കഴിയും. യാത്രക്കാർ തന്നെയാണ് ഇത് ഗ്രൂപ്പ് അംഗങ്ങളെ അറിയിക്കുന്നത്. ഇതിന് പുറമെ യാത്രക്കാർക്ക് പാട്ട് കേൾക്കാനുള്ള സംവിധാനവും ബസിൽ ഒരുക്കിയിട്ടുണ്ട്. കുമളി–പൊൻകുന്നം – പാലാ – തൊടുപുഴ വഴിയാണ് ബസ് സർവീസ് നടത്തുന്നത്.