home

ശ്രീകാര്യം: ഒരു മഴയിൽ പൊലിഞ്ഞത് വേനലിൽ തളിർത്തിരിക്കുന്നു. അമൽ ജ്യോതിയ്ക്കും അമ്മയ്ക്കും ഇനി പുതിയ വീടിന്റെ സുരക്ഷിതത്വത്തിൽ ഉറങ്ങാം. മഴക്കെടുതിയിൽ മരിച്ച പി കെ പത്മകുമാറിന്റെ കുടുംബത്തിന് ഭാരതീയ വിദ്യാ ഭവൻ നിർമ്മിച്ചു നൽകിയ പുതിയ വീടിന്റെ താക്കോൽ ദാനം തിരുവനന്തപുരം കേന്ദ്ര ചെയർമാൻ കെ. എസ് പ്രേമചന്ദ്രകുറുപ്പ് നിർവ്വഹിച്ചു. വൈസ് ചെയർമാൻ ഡോ. വി. ഉണ്ണികൃഷ്ണൻ നായർ, സെക്രട്ടറി സി മോഹനകുമാർ, കമ്മിറ്റി അംഗങ്ങളായ പി വി ശിവശങ്കരപ്പിള്ള, എസ് കെ നായർ, പ്രിൻസിപ്പാൾമാരായ രാധാ വിശ്വകുമാർ, സുനിൽ ചാക്കോ, അദ്ധ്യാപകർ, വിദ്യാർത്ഥികൾഎന്നിവർഗൃഹപ്രവേശത്തിന് സാക്ഷികളായി.

കേരളത്തെ കണ്ണീർക്കരയാക്കിയ പ്രളയകാലത്താണ് ആറാം ക്ലാസ് വിദ്യാർത്ഥിയായ അമൽ ജ്യോതിയ്ക്ക് അച്ഛനെ നഷ്ടമായത്. ഓഗസ്റ്റ് 14 ന് കോരിച്ചൊരിഞ്ഞ മഴയിൽ തെങ്ങ് പിഴുതു വീണായിരുന്നു ബൈക്കിൽ പോകുകയായിരുന്ന ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിന് സമീപം കൃഷ്ണകൃപയിൽ പി കെ പത്മകുമാർ മരിച്ചത്. ആ ദിനം ഇന്നും അമലിന്റെ ഉള്ളിൽ കാറുമൂടി നിൽപ്പുണ്ട്. അച്ഛന്റെ വരവും കാത്തിരുന്ന അമലിന് കാണേണ്ടി വന്നത് ആ ചേതനയറ്റ ശരീരമാണ്. പത്മകുമാറിനൊപ്പം അണഞ്ഞു പോയത് ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളുമായിരുന്നു. ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ പകച്ചുനിന്നു പോയ ഭാര്യ ജയലേഖയ്ക്കും ഏകമകൻ അമലിനും ഭാരതീയ വിദ്യാഭവൻ സാന്ത്വനമായി. മൺവിള ഭാരതീയ വിദ്യാ ഭവനിലെയും കൊടുങ്ങാനൂർ ഭാരതീയ വിദ്യാ ഭവനിലെയും വിദ്യാർത്ഥികളും സുമനസ്സുകളും അടിയന്തരമായി 5.5 ലക്ഷം രൂപ സമാഹരിച്ച് നൽകി. എന്നാൽ അതുകൊണ്ടൊന്നും ആ കുടുംബത്തിനുണ്ടായ തീരാനഷ്ടം നികത്താനാവില്ലായിരുന്നു.

home

കെട്ടുറപ്പുള്ള ഒരു വീട്, മകന്റെ വിദ്യാഭ്യാസം ഇതെല്ലാം പത്മകുമാറിന്റെ വലിയ സ്വപ്നങ്ങളായിരുന്നു. അമലിനേയും കുടുംബത്തേയും ആശ്വസിപ്പിക്കാനെത്തിയ ഭാരതീയ വിദ്യാ ഭവൻ തിരുവനന്തപുരം കേന്ദ്ര ചെയർമാൻ കെ. എസ് പ്രേമചന്ദ്രകുറുപ്പും സംഘവും ആ സ്വപ്നങ്ങൾ കെടാതെ സൂക്ഷിക്കാൻ തീരുമാനിച്ചു. അമലിനും കുടുംബത്തിനും സംഭവിച്ച ദുരന്തം ഭാരതീയ വിദ്യാഭവന്റെ മുംബയ് ആസ്ഥാനത്ത് അറിയിക്കുകയും ഭവന നിർമ്മാണത്തിനായി 18 ലക്ഷം രൂപ അനുവദിച്ച് നൽകുകയും ചെയ്തു. സ്‌കൂൾ പി.റ്റി.എ പ്രസിഡന്റ് എസ് പദ്മകുമാറിന്റെ മേൽനോട്ടത്തിൽ വീടിന്റെ പണി അതിവേഗം പുരോഗമിച്ചു. 4 മാസം കൊണ്ട് 1300 സ്‌ക്വയർ ഫീറ്റിൽ ആ സ്‌നേഹഭവനംയാഥാർത്ഥ്യമായി. മഴയെടുത്തുപോയ അമലിന്റെ കിനാവുകൾക്കിപ്പോൾനിറങ്ങളുണ്ട്.