തൊടുപുഴ: ഇടുക്കിയിലെ ഉടുമ്പൻചോലയിൽ സി.പി.എം കള്ളവോട്ട് ചെയ്‌തെന്ന ആരോപണത്തെ നിഷേധിച്ച് മന്ത്രി എം.എം മണി. ഇടുക്കിയിൽ സി.പി.എം കള്ള വോട്ട് ചെയ്‌തെന്ന ആരോപണം തെറ്റാണെന്നും ആരോപണം തെളിയിക്കാൻ യു.ഡി.എഫിനെ വെല്ലുവിളിക്കുന്നുവെന്നും എം.എം മണി പറഞ്ഞു. സി.പി.എം കള്ളവോട്ട് ചെയ്‌തെന്ന് പറഞ്ഞ ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ സ്വബോധമില്ലാതെ സംസാരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കള്ളവോട്ട് ആരോപണം നിയമപരമായി പരിശോധിക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു. എം.എം മണിയുടെ മണ്ഡലമായ ഉടുമ്പൻചോലയിൽ സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്‌തെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. രണ്ട് തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകൻ രണ്ട് ബൂത്തുകളിൽ വോട്ടു ചെയ്‌തെന്നാണ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ പരാതി. വോട്ടിംഗിലെ ക്രമക്കേടു ചൂണ്ടിക്കാട്ടി അദ്ദേഹം ജില്ലാ കളക്ടർക്കു പരാതി നൽകിയിരുന്നു.
ഉടുമ്പൻചോല പഞ്ചായത്തിലെ 66, 69 നമ്പർ ബൂത്തുകളിലാണു കള്ളവോട്ടു നടന്നതെന്ന് ഇവർ ആരോപിക്കുന്നത്. രണ്ട് തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് രഞ്ജിത് എന്നയാൾ രണ്ട് ബൂത്തുകളിലും വോട്ടു ചെയ്തു. തിരിച്ചറിയൽ കാർഡ് ഒന്നിൽ രഞ്ജിത് കുമാറെന്നും മറ്റേതിൽ പി. രഞ്ജിതുമെന്നാണു പേരു രേഖപ്പെടുത്തിയിട്ടുള്ളത്. ഇയാൾ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ആണെന്നും ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണു രണ്ട് തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കിയതെന്നും യു.ഡി.എഫ് ആരോപിക്കുന്നു.