ന്യൂഡൽഹി: ഉത്തർപ്രദേശിലെ അതിനിർണായകമായ 14 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കാൻ മണിക്കൂറുകൾ ബാക്കിയിരിക്കെ ആവനാഴിയിലെ അവസാന അമ്പും പുറത്തെടുത്ത് കോൺഗ്രസ് നേതൃത്വം. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധിയുടെ പേരിൽ അംഗീകൃത സാമൂഹിക പ്രവർത്തകർ, ആശാ വർക്കർമാർ, അംഗൻവാടി ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, മദ്രസാ ജീവനക്കാർ തുടങ്ങിയവർക്ക് പേഴ്സണൽ കത്തുകൾ അയയ്‌ക്കാനാണ് കോൺഗ്രസ് തീരുമാനം. നിലവിൽ നിങ്ങൾ അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങൾക്കും കോൺഗ്രസ് അധികാരത്തിൽ കയറിയാൽ പരിഹാരം കാണുമെന്ന് കത്തിൽ വാഗ്‌ദ്ധാനം ചെയ്യുന്നു.
തിങ്കളാഴ്‌ച ബൂത്തിലേക്കെത്തുന്ന 14 മണ്ഡലങ്ങളിലെ സ്ത്രീ വോട്ടർമാരെ പ്രത്യേകം കാണാനും കോൺഗ്രസ് ശ്രമിച്ചിരുന്നു. പരസ്യപ്രചാരണം അവസാനിക്കുന്ന ശനിയാഴ്‌ച പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, സഹോദരി പ്രിയങ്കാ ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ സ്ത്രീകളുടെ പ്രത്യേക സംഗമം അമേത്തിയിലെ കോർവയിൽ സംഘടിപ്പിച്ചിരുന്നു. കോൺഗ്രസ് അധികാരത്തിലേറിയാൽ ആരോഗ്യ മേഖലയ്‌ക്ക് വേണ്ടി പ്രത്യേക ബഡ്‌ജറ്റ് അവതരിപ്പിക്കുമെന്നും ഹെൽത്ത് സെക്‌ടറിലേക്ക് കൂടുതൽ പണം അനുവദിക്കുമെന്നും പ്രിയങ്കാ ഗാന്ധി തന്റെ കത്തിൽ പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് ആശാ വർക്കർമാകും അംഗനവാടി ജീവനക്കാരും അനുഭവിക്കുന്ന പ്രശ്‌നങ്ങൾ നേരിട്ട് കണ്ടുവെന്നും കോൺഗ്രസ് അധികാരത്തിലേറിയാൽ ശമ്പള ഇനത്തിൽ കുടിശിക വരുത്തിയ തുക മുഴുവനും കൊടുത്ത് തീർക്കുമെന്നും കത്തിൽ പറയുന്നു. സാധാരണ ജനങ്ങളുടെ എല്ലാ ആവശ്യങ്ങളും കേന്ദ്രസർക്കാർ അവഗണിച്ചു. സംയോജിക ശിശു ക്ഷേമ പദ്ധതി പുനരുജ്ജീവിപ്പിക്കും. വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള ഒഴിവുകളെല്ലാം 2020ഓടെ നികത്തുമെന്നും വാഗ്‌ദ്ധാനത്തിൽ പറയുന്നു. രാജ്യത്ത് ഏറെ മാറ്റങ്ങൾക്ക് കാരണമായ തൊഴിലുറപ്പ് പദ്ധതി വീണ്ടും സജീവമാക്കുമെന്നും പ്രിയങ്ക കത്തിൽ പറയുന്നു.
അതേസമയം, സഹോദരനനും സഹോദരിയും ചേർന്ന് കള്ളം പ്രചരിപ്പിക്കുകയാണെന്ന് ബി.ജെ.പി നേതാവ് ജി.വി.എൽ നരസിംഹ റാവു പ്രതികരിച്ചു. യു.പി.എ സർക്കാരിന്റെ കാലത്ത് രാഹുൽ ഗാന്ധിയും കോൺഗ്രസും അമേത്തിയെ അവഗണിച്ചുവെന്നും ഇനിയും കള്ളങ്ങൾ പറഞ്ഞ് ജനങ്ങളെ പറ്റിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.