ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും മത്സരിക്കുന്ന അമേത്തി, റായ്ബറേലി മണ്ഡലങ്ങളിൽ കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് ബഹുജൻ സമാജ്‌വാദി പാർട്ടി (ബി.എസ്.പി) നേതാവ് മായാവതി രംഗത്തെത്തി. സംസ്ഥാനത്തെ എല്ലാ എസ്.പി - ബി.എസ്.പി പാർട്ടി പ്രവർത്തകരോടും ഈ രണ്ട് മണ്ഡലങ്ങളിൽ കോൺഗ്രസിന് പിന്തുണ നൽകാൻ അഭ്യർത്ഥിക്കുന്നതായും അവർ പറഞ്ഞു. ബി.ജെ.പിയെ നേരിടുന്ന പ്രതിപക്ഷ സഖ്യത്തിൽ ഐക്യമില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് മായാവതിയുടെ പ്രതികരണം.
എന്നാൽ കോൺഗ്രസും ബി.ജെ.പിയും തങ്ങൾക്ക് ഒരുപോലെയാണെന്നാണും മായാവതി പ്രസ്‌താവനയിൽ പറയുന്നു. കോൺഗ്രസുമായി തങ്ങൾക്ക് യാതൊരു സഖ്യവും നിലവിലില്ല. എന്നാൽ ബി.ജെ.പിയെ തോൽപ്പിക്കാനായി അമേത്തിയിലും റായ്‌ബറേലിയിലും കോൺഗ്രസിന് വോട്ട് ചെയ്യുമെന്നം അവർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പൂർത്തിയായ നാലാം ഘട്ട തിരഞ്ഞെടുപ്പിൽ ജനപിന്തുണ എസ്.പി - ബി.എസ്.പി സഖ്യത്തിനായിരുന്നുവെന്നും അവർ അവകാശപ്പെട്ടു. അതാണ് ബി.ജെ.പിയെ അസ്വസ്ഥരാക്കുന്നത്. കേന്ദ്രത്തിൽ പുതിയ പ്രധാനമന്ത്രിയെ അവരോധിക്കാനും ഉത്തർപ്രദേശിൽ പുതിയ സർക്കാർ രൂപവത്കരിക്കാനും തങ്ങളുടെ സഖ്യത്തിന് കഴിയും. അഹംഭാവവും ഏകാധിപത്യവും നിറഞ്ഞ ഭരണത്തിൽനിന്ന് മെയ് 23 ന് ഇന്ത്യ മോചിപ്പിക്കപ്പെടുമെന്നും അവർ അവകാശപ്പെട്ടു. എസ്.പി - ബി.എസ്.പി സഖ്യത്തെ തകർക്കാൻ മോദി എത്ര ശ്രമിച്ചാലും നടക്കില്ലെന്നും മായാവതി പറഞ്ഞു.