കൊൽക്കത്ത: തനിക്കെതിരെ 'ജയ് ശ്രീറാം' എന്ന് മുദ്രാവാക്യം വിളിച്ചവർ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷവും ബംഗാളിൽ ജീവിക്കേണ്ടവരാണെന്ന് മറന്നുപോകരുതെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കഴിഞ്ഞ ദിവസം ബല്ലാവ്‌പൂർ ഗ്രാമത്തിലൂടെ മമതാ ബാനർജിയുടെ വാഹനവ്യൂഹം കടന്നുപോയപ്പോൾ ഒരുകൂട്ടം യുവാക്കൾ 'ജയ് ശ്രീറാം' എന്ന് മുദ്രാവാക്യം വിളിച്ചത്. അതുകേട്ട് മമത വാഹനം നിറുത്തി പുറത്തിറങ്ങി. മുഖ്യമന്ത്രി പുറത്തിറങ്ങുന്നത് കണ്ട് യുവാക്കൾ ഓടിപ്പോകാൻ ശ്രമിച്ചെങ്കിലും മമത അവരെ തടഞ്ഞുനിറുത്തുകയും ശാസിക്കുകയും ചെയ്‌തു.
റോഡരികിലുള്ള ചിലർ മോശമായി സംസാരിച്ചെന്നും മമത ആരോപിച്ചിരുന്നു. ജയ്‌ശ്രീറാം എന്നത് മോശം വാക്കല്ലല്ലോ എന്നും പിന്നെന്തിനാണ് മമതാ ബാനർജി അതുകേട്ട് ദേഷ്യപ്പെടുന്നതെന്നുമായിരുന്നു സംഭവത്തോട് ബി.ജെ.പിയുടെ പ്രതികരണം. അതേസമയം, "അത്തരം മുദ്രാവാക്യങ്ങളിലൊന്നും തനിക്ക് പേടിയില്ലെന്നും അങ്ങനെയുള്ള പ്രവർത്തികളിലേർപ്പെടുന്നവർ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷവും ബംഗാളിൽത്തന്നെ ജീവിക്കേണ്ടവരാണെന്ന് മറന്നുപോവരുതെ"ന്നും മമത പറഞ്ഞു. ബി.ജെ.പിയെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മമതയുടെ പരാമർശം.