crime

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്ത വളാഞ്ചേരി മുനിസിപ്പൽ കൗൺസിലർ നടക്കാവിൽ ഷംസുദ്ദീനെ സുഹൃത്തായ മന്ത്രി സംരക്ഷിക്കുന്നുനെന്ന ആരോപണവുമായി വി.ടി.ബൽറാം രംഗത്ത്. വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ 32ാം ഡിവിഷനിൽ നിന്ന് ഇടതു സ്വതന്ത്ര കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട തൊഴുവാനൂർ കാളിയാല നടക്കാവിൽ ഷംസുദ്ദീൻ പൊലീസ് കേസെടുത്തതോടെ ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾ വിദേശത്തേയ്ക്ക് കടന്നതായും സൂചനയുണ്ട്.

അതേസമയം കേസ് അന്വേഷിക്കുന്ന പൊലീസിനെ സ്വന്തം അധികാരത്തിന്റെ ബലത്തിൽ മന്ത്രി നിർവ്വീര്യമാക്കുന്നുവെന്നാണ് കോൺഗ്രസ് നേതാവും എം.എൽ.എയുമായ വി.ടി.ബൽറാം ആരോപിക്കുന്നത്. മന്ത്രിയുമായി പ്രതിയുടെ അടുത്ത ബന്ധം തെളിയിക്കുന്ന നിരവധി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും മന്ത്രിയേപ്പോലെതന്നെ സി.പി.എം സ്വതന്ത്രനാണ് കൗൺസിലറെന്നും വി.ടി.ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നുണ്ട്.

പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് പറയുന്നതിങ്ങനെ: വാടക ക്വാർട്ടേഴ്സിലെ താമസക്കാരിയായ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന പ്രതി വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് പല തവണ ക്വാർട്ടേഴ്സിലും മറ്റിടങ്ങളിലും കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചു. വിവാഹ വാഗ്ദാനത്തിൽ നിന്ന് പ്രതി പിന്മാറിയതോടെ പെൺകുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകി. ചൈൽഡ് ലൈനും തുടർന്ന് പൊലീസും മൊഴി രേഖപ്പെടുത്തുകയും പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. മലപ്പുറം ചൈൽഡ് ലൈൻ അധികൃതരുടെ നിർദ്ദേശത്തെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിക്കെതിരെയാണ് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ഒരു മൈനർ പെൺകുട്ടിയുടെ ബന്ധുക്കൾ ഗുരുതരമായ ആക്ഷേപങ്ങൾ ഉയർത്തിയിരിക്കുന്നത്. പോക്‌സോ കേസിൽ പ്രതിയായ നഗരസഭ കൗൺസിലറെ സുഹൃത്തായ മന്ത്രി തന്റെ അധികാരമുപയോഗിച്ച് സംരക്ഷിക്കുന്നു, പോലീസിനെ നിർവ്വീര്യമാക്കുന്നു എന്നാണ് പരാതി. മന്ത്രിയേപ്പോലെത്തന്നെ സിപിഎം സ്വതന്ത്രനാണ് കൗൺസിലറും. മന്ത്രിയുമായി പ്രതിയുടെ അടുത്ത ബന്ധം തെളിയിക്കുന്ന നിരവധി ഫോട്ടോകൾ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നു. മന്ത്രിയുടെ സന്തത സഹചാരിയാണ് പ്രതി എന്ന് ബോധ്യമാവുന്ന തരത്തിൽ വ്യത്യസ്ത അവസരങ്ങളിലെടുത്ത ഫോട്ടോകളാണ് കാണപ്പെടുന്നത്. എംഎൽഎ ആയിരിക്കുമ്പോൾ ജലീൽ ഈ പ്രതിയുടെ വാഹനത്തിലാണ് എംഎൽഎ ബോർഡ് വച്ച് യാത്ര ചെയ്തിരുന്നത്. ഇതിനേക്കുറിച്ചൊക്കെ മന്ത്രി ഇപ്പോഴും മൗനം തുടരുന്നു.

മറ്റുള്ളവർ ആരുടെയെങ്കിലും ഫേസ്ബുക്ക് പോസ്റ്റിന് ലൈക്കടിക്കുന്നുണ്ടോ എന്ന് നോക്കി പീഡോ ചാപ്പ കുത്താൻ അമിതാവേശം കാണിക്കുന്ന സൈബർ വെട്ടുകിളികളും സ്ത്രീ സംരക്ഷകരും സാംസ്‌ക്കാരിക നായികമാരുമൊന്നും ഇത് കാണില്ല എന്നറിയാം.

എന്നാലും ആ പെൺകുട്ടിക്ക് നീതി ലഭിച്ചേ പറ്റൂ. ശക്തമായ അന്വേഷണം ഇക്കാര്യത്തിൽ ഉണ്ടാവണം.