മലപ്പുറം: പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി.വി അൻവർ എം.എൽ.എയ്‌ക്ക് സി.പി.ഐ വിമർശനം. സി.പി.ഐ മലപ്പുറം ജില്ലാ കൗൺസിൽ യോഗത്തിലാണ് വിമർശനം. അൻവറിന്റെ പരാമർശങ്ങൾ മുന്നണി മര്യാദയ്‌ക്ക് നിരക്കാത്തതാണെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടി. വയനാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി സുനീറിനെതിരായ പരാമർശങ്ങൾ ശരിയായില്ലെന്നും വിവാദ പരാമർശങ്ങൾ ഇനി ഉണ്ടാകരുതെന്നും സി.പി.ഐ യോഗത്തിൽ നിർദേശിച്ചു.
വയനാട്ടിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി സുനീറിനെ ക്വാറി മാഫിയയുടെ ആളായി ചിത്രീകരിച്ചതും ശരിയായില്ല. വിവാദ പരാമര്‍ശങ്ങള്‍ ഇനി ഉണ്ടാകരുതെന്നും യോഗം വ്യക്തമാക്കി. സുനീർ മുസ്ലീം ലീഗിൽ ചേരാൻ ഒരുങ്ങുകയാണെന്നും, ലീഗ്- കോൺഗ്രസ് നേതാക്കളുമായാണ് സുനീറിന് അടുപ്പമെന്നും ആയിരുന്നു അൻവറിന്റെ പരാമർശം. 2011ൽ ഏറനാട് സ്ഥാനാർത്ഥി ആക്കാമെന്ന് സി.പി.ഐ ജില്ലാ നേതൃത്വം ഉറപ്പ് നൽകിയെങ്കിലും മുസ്ലിംലീഗ് ഇത് അട്ടിമറിച്ചു. ലീഗ് നേതാവ് പി.കെ ബഷീർ ഇതിനായി 25 ലക്ഷം രൂപ നൽകിയെന്നും അൻവർ പ്രമുഖ ചാനലിനോട് പറഞ്ഞിരുന്നു.
അതേസമയം, പി.വി അൻവറിനെ നിശിതമായി വിമർശിച്ച് സി.പി.ഐ മലപ്പുറം ജില്ലാ നേതൃത്വവും രംഗത്തെത്തിയിരുന്നു. അൻവറിന്റെ പ്രസ്താവനകൾ മുന്നണിയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് സി.പി.ഐ ആരോപിച്ചു. സി.പി.എം പ്രശ്നത്തിൽ ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും മലപ്പുറം ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു.