മുൻ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി അഴിമതിക്കാരനായിരുന്നുവെന്ന നരേന്ദ്ര മോദിയുടെ ആരോപണത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. നിങ്ങളുടെ പിതാവ് ക്ലീൻ അല്ല, നമ്പർ വൺ അഴിമതിക്കാരനായിരുന്നുവെന്ന് രാഹുൽ ഗാന്ധിയോടായി തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നരേന്ദ്ര മോദി നടത്തിയ പ്രസംഗമാണ് ഇപ്പോൾ വിമശന വിധേയമായിരിക്കുന്നത്.
മരിച്ചവരെക്കുറിച്ച് അവർ ശത്രുവായാൽക്കൂടി മോശം വാക്കുകൾ പറയുന്നത് തെറ്റാണെന്നും ഭാരതത്തിന്റെ ആ സംസ്‌കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത നേതാവാണ് നരേന്ദ്ര മോദിയെന്നും ജ്യോതികുമാർ ചാമക്കാല ആരോപിക്കുന്നു. രാജ്യത്തിന് വേണ്ടി ജീവൻ ബലിനൽകിയ രാജീവ് ഗാന്ധിയുടെ പേര് പറയുവാൻ പോലും മോദിക്കാവില്ലെന്നും, സ്വർണകോട്ടുമിട്ട് ഞെളിഞ്ഞു നടന്നാൽ രക്തസാക്ഷികളുടെ വില മനസിലാവില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ജ്യോതികുമാർ ചാമക്കാല ആരോപിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മരിച്ചവരെക്കുറിച്ച് മോശം പറയില്ല. ശത്രുവായാൽ കൂടി.
ശത്രു സൈനികന്റെ മൃതദേഹത്തോടു പോലും ആദരവ് കിട്ടും. ഇതാണ് ആർഷഭാരത സംസ്‌കാരം .
ആ ഭാരതത്തെ നയിക്കാനാണ് സംസ്‌കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത നരേന്ദ്ര മോദി ആഗ്രഹിക്കുന്നത്.
രാജീവ് ഗാന്ധിയുടെ പേര് ഉച്ചരിക്കാൻ യോഗ്യതയുണ്ടോ ഇയാൾക്ക്.
ദിവസവും രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ചവരെക്കുറിച്ച് വിതുമ്പുന്നുണ്ടല്ലോ 56 ഇഞ്ചുകാരൻ ,വോട്ടുപിടിക്കാൻ.
ഹേ മിസ്റ്റർ രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ ആളാണ് നിങ്ങളീ അപമാനിച്ച രാജീവ് ഗാന്ധി. അദ്ദേഹം മാത്രമല്ല ,അദ്ദേഹത്തിന്റെ അമ്മയും.
ഈ രാജ്യം കെട്ടിപ്പടുക്കാൻ വർഷങ്ങൾ വിയർപ്പൊഴുക്കിയ ഒരു മഹാന്റെ ചെറുമകനുമാണ് രാജീവ് ജി.
ജവഹർലാൽ നെഹ്രു ഇരുന്ന കസേരയിലിരിക്കുമ്പോ വാക്കുകളിൽ മിനിമം മര്യാദയാവാം.
സ്വർണകോട്ടുമിട്ട് ഞെളിഞ്ഞു നടന്നാൽ രക്തസാക്ഷികളുടെ വില മനസിലാവില്ല. അത് മനസിലാക്കാൻ രാജ്യസ്‌നേഹം വേണം ,കുറഞ്ഞത് മനുഷ്യജീവന്റെ വിലയെങ്കിലും അറിയണം. മനുഷ്യ ജീവൻ പട്ടിക്ക് തുല്യമാണെന്ന് പറഞ്ഞ താങ്കൾക്ക് അതെങ്ങനെ അറിയാൻ !
പക്ഷേ ഒന്നോർത്തോളൂ, ശ്രീ പെരുംപുത്തൂരിൽ ചിതറി വീണ ആ മനുഷ്യൻ ഞങ്ങളുടെ ഹൃദയത്തിലുണ്ട്.
അർധരാത്രി കുടപിടിക്കുന്നവരുടെ അധക്ഷേപങ്ങൾക്ക് അദ്ദേഹത്തിന്റെ പേരിന് കളങ്കം ചാർത്താനാവില്ല.