ന്യൂഡൽഹി:മുൻപ്രധാനമന്ത്രിയും തന്റെ പിതാവുമായ രാജീവ് ഗാന്ധി ഒന്നാംനമ്പർ അഴിമതിക്കാരനാണെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിശിതമായ മറുപടിയുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. സ്വയം അഴിമതിക്കാരനാണെന്ന ചിന്ത മോദി രാജീവ് ഗാന്ധിയിൽ ആരോപിക്കുകയാണെന്ന് രാഹുൽ ഇന്നലെ ട്വിറ്ററിൽ തിരിച്ചടിച്ചു.
''മോദിജി, യുദ്ധം കഴിഞ്ഞു. നിങ്ങളുടെ കർമ്മത്തിന്റെ ഫലം നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങൾക്ക് നിങ്ങളെ പറ്റിയുള്ള ഉൾവിചാരങ്ങൾ എന്റെ അച്ഛനിൽ ആരോപിച്ചതുകൊണ്ട് നിങ്ങൾ രക്ഷപ്പെടില്ല. നിങ്ങൾക്ക് എന്റെ എല്ലാ സ്നേഹവും ഒരു വലിയ ആലിംഗനവും'' - രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
രാഹുലിന്റെ സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും പിതാവിനെതിരായ മോദിയുടെ പരാമർശത്തിനെതിരെ രംഗത്തുവന്നു.രാജ്യത്തിന് വേണ്ടിയുള്ള രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ മോദി അപമാനിച്ചെന്നും അദ്ദേഹത്തിന് ജനങ്ങൾ തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. രക്തസാക്ഷികളുടെ പേരിൽ വോട്ട് ചോദിക്കുന്ന മോദി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അപമാനിച്ചിരിക്കുകയാണ്. ഈ കാപട്യം രാജ്യം ഒരിക്കലും മറക്കില്ലെന്നും പ്രിയങ്ക ട്വീറ്റ് ചെയ്‌തു.
'മരിച്ചവരെ പറ്റി നല്ലതല്ലാത്തതൊന്നും പറയരുത്' എന്ന പൗരാണിക ഗ്രീക്ക് വിശുദ്ധനായ ഷിലോണിന്റെ ലാറ്റിൻ ചൊല്ല് ഉദ്ധരിച്ച് കോൺഗ്രസ് നേതാവ് പി. ചിദംബരവും ട്വിറ്ററിൽ മോദിയെ വിമർശിച്ചു. പ്രധാനമന്ത്രി ഈ ചൊല്ല് കേട്ടിട്ടുണ്ടോ? മരിച്ചവരെ അപമാനിക്കാൻ
ഏതെങ്കിലും മതം അനുവദിക്കുന്നുണ്ടോ? രാജീവ് ഗാന്ധിയെ പറ്റിയുള്ള പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ അദ്ദേഹത്തിന്റെ പരാജയ ഭീതിയുടെയും നിരാശയുടെയും തെളിവാണെന്നും ചിദംബരം പറഞ്ഞു.