modi

ലക്‌നൗ:കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരനായിട്ടാണ് മരിച്ചതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശനം വിവാദമായി.

ശനിയാഴ്‌ച ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് രാജീവ് ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വ്യക്തിപരമായി വിമർശിക്കുന്ന രീതിയിൽ മോദി സംസാരിച്ചത്.

രാഹുൽ ഗാന്ധിക്ക് എന്റെ പ്രതിഛായ കളങ്കപ്പെടുത്താൻ മാത്രമാണ് താൽപര്യം. നിങ്ങളുടെ പിതാവിനെ അദ്ദേഹത്തിന്റെ സേവകർ 'മിസ്റ്റർ‌ ക്ലീൻ' എന്ന് വിശേഷിപ്പിച്ചിരിക്കാം. എന്നാൽ,​ ഒന്നാം നമ്പർ അഴിമതിക്കാരനായിട്ടാണ് അദ്ദേഹത്തിന്റെ ജീവൻ ഒടുങ്ങിയത് - മോദി പറഞ്ഞു.

രാജീവ് ഗാന്ധിക്കെതിരായ ബോഫോഴ്സ് കേസ് സൂചിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ പരാമർശം. റാഫേൽ യുദ്ധവിമാന ഇടപാടിൽ അഴിമതി ആരോപിച്ച് മോദിക്കെതിരെ രാഹുൽ ഗാന്ധി നിരന്തരം ആക്രമണം നടത്തുന്നതിന്റെ തിരിച്ചടിയായാണ് ബോഫോഴ്സ് വിവാദം എടുത്തിട്ട് രാജീവ്ഗാന്ധിയെയും രാഹുലിനെയും ഒരുമിച്ച് പ്രഹരിക്കാൻ മോദി ശ്രമിച്ചത്..

''രാജകുമാരൻ വ്യക്തമായി കേട്ടുകൊള്ളുക. ഈ മോദി സ്വ‌ർണക്കരണ്ടിയുമായല്ല ജനിച്ചത്. ഏതെങ്കിലും രാജകുടുംബത്തിലുമല്ല ജനിച്ചത്''- രാഹുൽ ഗാന്ധിയെ ഉന്നം വച്ച് മോദി പറഞ്ഞു.

എന്റെ പ്രതിച്ഛായ മോശമാക്കിയും ചെറുതാക്കിയും കാണിക്കാൻ ശ്രമിക്കുന്നതിലൂടെ സ്ഥിരതയില്ലാത്ത,​ ദുർബലമായ ഒരു സർക്കാരുണ്ടാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കമെന്നും അദ്ദേഹം തുടർന്നു.

1980ൽ സ്വീഡിഷ് ആയുധനിർമ്മാണ കമ്പനിയായ ബോഫോഴ്സിൽ നിന്ന് പീരങ്കി വാങ്ങിയ ഇടപാടിൽ രാജീവ്ഗാന്ധി കമ്മിഷൻ വാങ്ങിയെന്ന ആരോപണം ദീർഘകാലം കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. രാജീവ് ഗാന്ധി കമ്മിഷൻ വാങ്ങിയതിന് തെളിവില്ലെന്ന് പിന്നീട് ഡൽഹി ഹൈക്കോടതി വിധിച്ചിരുന്നു.