cpm

കൊല്ലം : വീടുകളിലേക്ക് വിതരണം ചെയ്യുവാനായി പാചകവാതക സിലിണ്ടറുകളുമായെത്തിയ ലോറികൾ സി.പി.എം പ്രവർത്തകർ തടഞ്ഞു. കരുനാഗപ്പള്ളിയിൽ ഓച്ചിറയ്ക്കടുത്താണ് ലോറികൾ സി.പി.എം പ്രവർത്തകർ തടഞ്ഞത്. ഓച്ചിറയിലെ ഗ്യാസ് ഏജൻസിയിലെ തൊഴിൽ പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് കുലശേഖരപുരം പഞ്ചായത്ത് ഓഫീസിനു സമീപത്ത് വച്ച് ലോറികൾ തടഞ്ഞത്. ടയറിലെ കാറ്റ് ഊരിവിട്ട സംഘം വാഹനങ്ങളിൽ കൊടിയും നാട്ടി. ഇതോടെ വീടുകളിലേക്ക് സിലിണ്ടർ കൊണ്ട് പോകുവാനായി ഗ്യാസ് ഏജൻസിയിലെത്തിയവർ നിരാശരായി മടങ്ങുകയായിരുന്നു. ഇതിന് മുൻപും ഈ മേഖലയിൽ ഇത്തരത്തിൽ സമരങ്ങൾ ഉണ്ടായിട്ടുണ്ട്, പൊതുജനത്തിനുണ്ടാവുന്ന ബുദ്ധിമുട്ടുകൾ സമരത്തിനിറങ്ങുന്നവർ കാണുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കരുനാഗപ്പള്ളി പൊലീസ് ഇടപെട്ടാണ് വാഹനങ്ങളിൽ നിന്നും കൊടികൾ നീക്കം ചെയ്ത്, ടയറുകളിൽ കാറ്റ് നിറയ്ക്കാനായത്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പൊലീസിനോട് നാട്ടുകാർ ആവശ്യപ്പെട്ടു.