foni

ന്യൂഡൽഹി: ഫോനി ചുഴലിക്കാറ്റ് ആഞ്ഞടിക്കുമ്പോൾ സംസ്ഥാനത്തെ സ്ഥിതിഗതികൾ തിരക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചപ്പോൾ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഫോണെടുത്തില്ലെന്ന് പരാതി. രണ്ട് തവണ ഫോൺ വിളിച്ചപ്പോഴും മമതാ ബാനർജി മോദിയോട് സംസാരിക്കാൻ തയ്യാറായില്ല. തിരികെ വിളിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. തുടർന്ന് ഗവർണർ കേസരി നാഥ് ത്രിപാഡിയുമായി ബന്ധപ്പെട്ടാണ് മോദി കാര്യങ്ങൾ തിരക്കിയതെന്നും ഒരു കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

മമതാ ബാനർജിയെ ബന്ധപ്പെടാൻ പ്രധാനമന്ത്രിയുടെ ഓഫീസ് രണ്ട് തവണ ബന്ധപ്പെട്ടെങ്കിലും തിരികെ വിളിക്കാമെന്നായിരുന്നു മറുപടി. ഒരുതവണ മുഖ്യമന്ത്രി യാത്രയിലാണെന്നും മറുപടി ലഭിച്ചു. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസിനെ തിരികെ വിളിക്കാനോ കാര്യങ്ങൾ വിശദീകരിക്കാനോ മമതാ ബാർജിയുടെ ഓഫീസ് തയ്യാറായില്ലെന്നും ആരോപണമുണ്ട്. ഫോനി ചുഴലിക്കാറ്റ് ആഞ്ഞടിച്ചിട്ടും സംസ്ഥാനത്തെ സ്ഥിതിഗതികൾ തിരക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായില്ലെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മറുപടി. താൻ ഗവർണറുമായി സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചിട്ടുണ്ട്.