കോൺഗ്രസിലാകട്ടെ, ബി.ജെ.പിയിലാകട്ടെ... തലപ്പൊക്കമുള്ളരുടെ മാത്രം മണ്ഡലമാണ് എക്കാലവും ലക്‌നൗ. ആദ്യ തിരഞ്ഞെടുപ്പിൽ വിജയലക്ഷ്‌മി പണ്ഡിറ്റിനെ പാർലമെന്റിൽ എത്തിച്ച മണ്ഡലം. 1971, 1980, 1984 തിരഞ്ഞെടുപ്പുകളിൽ ഷീലാ കൗൾ ആയിരുന്നു ലക്‌നൗവിൽ നിന്നുള്ള കോൺഗ്രസ് താരം. പൊതുവെ കോൺഗ്രസ് മണ്ഡലമായി അറിയപ്പെട്ടിരുന്ന ലക്‌നൗ ബി.ജെ.പി പക്ഷത്തേക്കു തിരിഞ്ഞത് അടൽ ബിഹാരി വാജ്‌പേയിയുടെ വരവോടെ ആയിരുന്നു- 1991 ൽ.
പിന്നത്തെ നാലു തിരഞ്ഞെടുപ്പുകളിൽക്കൂടി വാജ്പേയി ലക്‌നൗവിനെയും ലക്‌നൗ വാജ്‌പേയിയെയും വിട്ടില്ല. 1989 ൽ ജനതാദളിലെ മൻധാതാ സിംഗ് 15,614 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയം കണ്ട മണ്ഡലം അടുത്ത തവണ വാജ്പേയിയെ സ്വീകരിച്ചത് 1,17,303 വോട്ടിന്റെ ഭൂരിപക്ഷം നൽകി. 2004-ലെ അവസാന മത്സരത്തിൽ ആ ഭൂരിപക്ഷം 2,18,375 വരെ ഉയർന്നു. ബി.ജെ.പിയിലെ ലാൽജി ടാണ്ടന്റെ ഊഴമായിരുന്നു 2009 ൽ. കോൺഗ്രസിലെ റീത്ത ബഹുഗുണ ജോഷിയെ എതിരിട്ട ലാൽജിയുടെ ജയം വെറും 40,901 വോട്ടിലൊതുങ്ങി. 2014-ൽ രാജ്നാഥ് സിംഗ് അവതരിച്ചതോടെ ലക്‌നൗവിൽ ബി.ജെ.പിയുടെ ഭൂരിപക്ഷം വീണ്ടും രണ്ടേമുക്കാൽ ലക്ഷമെത്തി.
മോദി മന്ത്രിസഭയിലെ രണ്ടാമൻ. യു.പി മുൻ മുഖ്യൻ. ബി.ജെ.പി മുൻ അദ്ധ്യക്ഷൻ. അറുപത്തിയെട്ടിലും മിനിമം ഒരു സർജിക്കൽ സ്ട്രൈക്കിനു കൂടിയെങ്കിലും ബാക്കി നിൽക്കുന്ന പോരാട്ടവീര്യം. രാജ്യമെങ്ങും തിരഞ്ഞെടുപ്പു പ്രചാരണത്തിന് ബി.ജെ.പി മോദിപ്രഭാവം പ്രയോജനപ്പെടുത്തുമ്പോൾ ലക്‌നൗവിൽ രാജ്നാഥ് സിംഗിന്റെ പേരു മാത്രം മതി. ചോദിച്ചാൽ രാജ്നാഥ് സിംഗും പറയും: ലക്‌നൗവും ഞാനും തമ്മിലുള്ള ബന്ധത്തിന് നാലു ദശകങ്ങളുടെ പഴക്കമുണ്ട്. രാജ്നാഥിന്റെ വിശ്വാസം തെറ്റിക്കാൻ തക്ക കരുത്ത് തത്കാലത്തേക്കെങ്കിലും മണ്ഡലത്തിൽ സമാജ്‌വാദി സ്ഥാനാർത്ഥിയായ പൂനം സിൻഹയ്‌ക്കില്ലെന്ന് രാഷ്‌ട്രീയ നിരീക്ഷകർ പറയും.
യു.പിയിലെ ചന്ദോലി ജില്ലയിൽ, രജപുത്ര കർഷക കുടുംബത്തിൽ പിറന്ന രാജ്നാഥ് സിംഗ് സ്‌കൂൾ കാലം തൊട്ടേ ആർ.എസ്.എസുമായി അടുത്തതാണ്. ഗോരഖ്പൂർ സർവകലാശാലയിൽ നിന്ന് ഫിസിക്‌സിൽ ഒന്നാം ക്ളാസോട് ബിരുദം. മിർസാപൂരിൽ ഫിസികിസ് ലക്‌ചറർ ആയി ഉദ്യോഗത്തുടക്കം. മിർസാപൂരിൽ ജനസംഘത്തിന്റെ യൂണിറ്റ് സെക്രട്ടറിയാകുമ്പോൾ രാജ്നാഥിന് 23 വയസ്സ്. അടുത്ത വർഷം ജില്ലാ പ്രസിഡന്റ്. 1977 ൽ മിർസാപൂരിൽ നിന്ന് യു.പി നിയമസഭയിലേക്ക് ആദ്യ തിരഞ്ഞെടുപ്പു ജയം. 84- ൽ യു.പിയിൽ ബി.ജെ.പി യുവജന വിഭാഗം പ്രസിഡന്റ് ആയ രാജ്നാഥ് 86 ൽ ദേശീയ ജനറൽ സെക്രട്ടറിയും 88 ൽ ദേശീയാദ്ധ്യക്ഷനുമായി.
1991 ൽ യു.പിയിലെ ആദ്യ ബി.ജെ.പി സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന രാജ്നാഥ്സിംഗ് ആണ് പരീക്ഷകളിലെ കോപ്പിയടി ജാമ്യമില്ലാ കുറ്റമാക്കിക്കൊണ്ടുള്ള നിയമത്തിന്റെ ശില്പി. 1994 ൽ രാജ്നാഥ് രാജ്യസഭാംഗമായി. 99 ൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി. രണ്ടായിരാമാണ്ടിലാണ് അദ്ദേഹം യു.പി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. 2003-ൽ എ.ബി. വാജ്പേയി സർക്കാരിൽ കൃഷി മന്ത്രിയായ രാജ്നാഥ് 2004 ൽ ബി.ജെ.പി അധികാരത്തിൽ നിന്ന് പുറത്തായപ്പോൾ പ്രതിപക്ഷത്ത്.
2005 ഡിസംബറിലാണ് രാജ്നാഥ് സിംഗ് ബി.ജെ.പി ദേശീയ അദ്ധ്യക്ഷ പദവിയിലെത്തിയത്. 2009 വരെ അദ്ധ്യക്ഷപദവിയിൽ തുടർന്ന രാജ്നാഥ് അത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗാസിയാബാദിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 2013-ൽ നിതിൻ ഗഡ്കരി സ്ഥാനമൊഴിഞ്ഞപ്പോൾ രാജ്നാഥ് ഒരിക്കൽക്കൂടി പാർട്ടി അദ്ധ്യക്ഷ പദവിയിലേക്ക്. 2014- ൽ ലക്‌നൗ. അന്നു മുതൽ കേന്ദ്ര ആഭ്യന്തരമന്ത്രി പദത്തിൽ രാജ്യത്തിന്റെ കരുത്തായി രാജ്നാഥ് ഉണ്ട്.
രാജ്നാഥിന്റെ ദീർഘകാല രാഷ്ട്രീയ ചരിത്രമൊന്നുമില്ല, ലക്‌നൗവിൽ എസ്.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പൂനം സിൻഹയ്‌ക്ക്. ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേക്കേറിയ ശത്രുഘ്‌നൻ സിൻഹയുടെ ഭാര്യ. പഴയ ബോളിവുഡ് നടി. ഇപ്പോൾ പൂനം സിൻഹ അറിയപ്പെടുന്നത് ചലച്ചിത്രതാരം സോണാക്ഷി സിൻഹയുടെ അമ്മയെന്ന മേൽവിലാസത്തിൽ. പ്രചാരണത്തിന് പൂനം എത്തുമ്പോൾ സമാജ്‌വാദി പ്രവർത്തകർക്ക് അറിയേണ്ടതും അതുതന്നെ: സോണാക്ഷി എപ്പോൾ പ്രചാരണത്തിന് വരും? പ്രവർത്തകരെ സോണാക്ഷി നിരാശരാക്കിയില്ല. കഴിഞ്ഞ ദിവസം ലക്‌നൗവിൽ റോഡ്ഷോയിൽ പങ്കെടുക്കാൻ സോണാക്ഷി എത്തിയത് ഡിംപിൾ യാദവിനെയും കൂട്ടിയായിരുന്നു. മൂന്ന് നിയമസഭാ മണ്ഡലങ്ങളിലൂടെ താരത്തിന്റെ റോഡ്ഷോ തരംഗമായി ഒഴുകി. മകളെ ഇറക്കി ലക്‌നൗ പിടിക്കുക അത്ര എളുപ്പമല്ലെന്ന് പൂനത്തിനു മാത്രമല്ല, ഭർത്താവ് ശത്രുഘ്‌നൻ സിൻഹയ്‌ക്കും നന്നായി അറിയാം.