news

1. സി.പി.ഐയും പൊന്നാനി ലോക്സഭാ സ്ഥാനാര്‍ത്ഥി പി വി അന്‍വറും തമ്മിലുള്ള വാക്ക് തര്‍ക്കങ്ങള്‍ മുറുകുന്നതിനിടെ അന്‍വറിനെ വിമര്‍ശിച്ച് സി.പി.ഐ മലപ്പുറം ജില്ലാ കൗണ്‍സില്‍ യോഗം. സി.പി.ഐയ്ക്ക് എതിരെ അന്‍വര്‍ നടത്തിയ പ്രസ്താവനകള്‍ മുന്നണി മര്യാദയ്ക്ക് നിരക്കാത്തത് എന്ന് വിലയിരുത്തല്‍. വയനാട്ടിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി സുനീറിനെ ക്വാറി മാഫിയയുടെ ആളായി ചിത്രീകരിച്ചത് ശരിയായില്ല. വിവാദ പരാമര്‍ശങ്ങള്‍ ഇനി ഉണ്ടാകരുതെന്നും യോഗം വ്യക്തമാക്കി.

2. മുന്നണി മര്യാദകളെ ബാധിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴി തുറന്നതോടെ വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഇനി നോക്കി ഇരിക്കാന്‍ ആവില്ലെന്ന് സി.പി.എം മലപ്പുറം ജില്ലാ നേതൃത്വം അന്‍വറിനെ അറിയിച്ചിരുന്നു. സി.പി.ഐ വിമര്‍ശനം ഇതിനു പിന്നാലെ. മുസ്ലീം ലീഗും സി.പി.ഐയും ഒരുപോലെ ആണെന്നും സി.പി.ഐ നേതാക്കള്‍ എക്കാലവും തന്നെ ദ്രോഹിക്കുകയാണ് ചെയ്തിട്ടുള്ളത് എന്നും ആയിരുന്നു പി.വി അന്‍വറിന്റെ വിവാദ പരാമര്‍ശം

3 ദേശീയ പാത വികസനത്തിനുള്ള സ്ഥലം ഏറ്റെടുക്കല്‍ മരവിപ്പിച്ച കേന്ദ്ര ഉത്തരവിന് എതിരെ സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര ഉത്തരവ് പുന പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ ദേശീയ പാത അതോറിറ്റിക്ക് കത്തയച്ചു. മിക്ക ജില്ലകളിലും സ്ഥലം ഏറ്റെടുപ്പ് ഏകദേശം പൂര്‍ത്തി ആയെന്നും അതുകൊണ്ട് ഉത്തരവ് തിരുത്തണം എന്നുമാണ് സംസ്ഥാനത്തിന്റെ ആവശ്യം. കേരളത്തിലെ ദേശീയപാത 66 നാലുവരി ആക്കുന്നതിന് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് നിറുത്തി വയ്ക്കാന്‍ കഴിഞ്ഞ ദിവസമാണ് ദേശീയ പാത അതോറിറ്റി നിര്‍ദ്ദേശം നല്‍കിയത്.

4 വിവിധ സംസ്ഥാനങ്ങളിലെ ദേശീയപാത വികസന പദ്ധതികളെ മുന്‍ഗണന അടിസ്ഥാനത്തില്‍ രണ്ട് തട്ടിലാക്കുകയും കേരളത്തെ രണ്ടാം മുന്‍ഗണന പട്ടികയിലേക്ക് മാറ്റകയും ചെയ്തതോടെ ആണ് പ്രതിസന്ധി ഉടലെടുത്തത്. 2021 ഫെബ്രുവരി 20 ന് ശേഷം മാത്രമേ രണ്ടാം മുന്‍ഗണനാ പട്ടികയിലെ പണി നിലവിലെ സാഹചര്യത്തില്‍ ആരംഭിക്കാന്‍ കഴിയൂ. ഇതേ തുടര്‍ന്നാണ് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ ദേശീയപാത അതോറിറ്റി അധികൃതര്‍ക്ക് കത്തയച്ചത്.

5 സി.പി.എമ്മിന് എതിരെ യു.ഡി.എഫ് കള്ളവോട്ട് ആരോപണം ഉന്നയിക്കുന്നത് പരാജയ ഭീതി മൂലം എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എം വിജയിക്കും എന്ന് ഉറപ്പായതോടെ യു.ഡി.എഫ് മുന്‍കൂര്‍ ജാമ്യം എടുക്കുക ആണ്. കൂടുതല്‍ കളളവോട്ട് ചെയ്തത് യു.ഡി.എഫാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഏത് അന്വേഷണത്തെയും നേരിടാന്‍ സി.പി.എം തയാറാണെന്നും കോടിയേരി ബാലകൃഷ്ണന്‍

6 അതേസമയം കാസര്‍കോട് ജില്ലയിലെ 43 പ്രശ്ന ബാധിത പോളിംഗ് ബൂത്തുകളിലെ വെബ് കാസ്റ്റിംഗ് വീഡിയോ ജില്ലാ കലക്ടര്‍ പരിശോധിക്കുക ആണ്. മണ്ഡലത്തില്‍ കള്ള വോട്ട് നടന്നു എന്ന് സ്ഥിരീകരണം വന്നതോടെ ആണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശം അനുസരിച്ച് വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. കളക്ടര്‍ ഡി.സജിത് ബാബുവിനൊപ്പം ഓരോ ബൂത്തുകളിലേയും ബിഎല്‍ ഒ മാരും, വെബ് കാസ്റ്റിംഗിന്റെ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി എടുക്കാനാണ് തീരുമാനം.

7 അതേസമയം തൃക്കരിപ്പൂരില്‍ കള്ളവോട്ട് ചെയ്‌തെന്ന് കണ്ടെത്തിയ സി പി എം അനുഭാവി കെ.ശ്യംകുമാറിന്റെ അറസ്റ്റ് ഉടനുണ്ടാകില്ല. കൃത്യമായ അന്വേഷണത്തിന് ശേഷം അറസ്റ്റിലേയ്ക്ക് കടന്നാല്‍ മതി എന്നാണ് പൊലീസിന്റെ തീരുമാനം. കാസര്‍കോടിനും കണ്ണൂരിനും മാവേലിക്കരയ്ക്കും പുറമെ മന്ത്രി എം.എം. മണിയുടെ മണ്ഡലമായ ഉടുമ്പന്‍ ചോലയിലും സി.പി.എമ്മിന് എതിരെ കള്ളവോട്ട് ആരോപണം ഇന്ന് പുറത്തു വന്നു. രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്തുവെന്നാണ് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ പരാതി.

8 ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗിക ആരോപണ പരാതിയില്‍ ജഡ്ജിമാര്‍ എതിര്‍പ്പ് അറിയിച്ചു എന്ന വാര്‍ത്ത നിഷേധിച്ച് സുപ്രീംകോടതി. പരാതിക്കാരിയുടെ അസാന്നിധ്യത്തില്‍ അന്വേഷണം പാടില്ല എന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും രോഹിന്റന്‍ നരിമാനും ആഭ്യന്തര സമിതിക്ക് മുന്നില്‍ നിലപാട് എടുത്തു എന്ന വാര്‍ത്തയാണ് സുപ്രീംകോടതി നിഷേധിച്ചത്. ജസ്റ്റിസുമാര് ആഭ്യന്തര സമിതിയെ നേരിട്ട് കാണുകയോ പരാതി അറിയിക്കുകയോ ചെയ്തിട്ടില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി

9 ഇരുവരും ആഭ്യന്തര സമിതിയിലെ ജഡ്ജിമാരെ നേരില്‍ കണ്ട് എതിര്‍പ്പ് അറിയിച്ചു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇതിനെ എതിര്‍ത്ത് ജസ്റ്റിസ് റോഹിന്റണ്‍ നരിമാന്‍ നേരത്തെ രംഗത്ത് എത്തി ഇരുന്നു. അതേസമയം, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇക്കാര്യം നിഷേധിച്ചിട്ടില്ല. പരാതിക്കാരി നേരത്തെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് മുമ്പാകെ ഹാജരായിരുന്നു. ഏകപക്ഷീയം ആയി തീരുമാനം എടുക്കുന്ന, തന്റെ ഭാഗം കേള്‍ക്കാത്ത സമിതിയില്‍ വിശ്വാസം ഇല്ല എന്നും അതിനാല്‍ സിമിതിക്ക് മുന്‍പില്‍ ഇനി ഹാജരാവില്ല എന്നും യുവതി പ്രതികരിച്ചിരുന്നു

10മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് എതിരായ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. സ്വന്തം അഴിമതി കറ അച്ഛന്റെ പേരില്‍ ചാര്‍ത്തിയുള്ള മോദിയുടെ രക്ഷപ്പെടല്‍ ഫലം കാണില്ല എന്ന് രാഹുല്‍ഗാന്ധി. യുദ്ധം അവസാനിച്ചു. മോദിയുടെ കര്‍മ്മഫലം അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്. മോദിക്ക് സ്‌നേഹവും ആലിംഗനവും നല്‍കുന്നു എന്നും ട്വിറ്ററില്‍ രാഹുല്‍ ഗാന്ധി

11.രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ പ്രധാനമന്ത്രി അപമാനിച്ചു എന്ന് പ്രിയങ്ക ഗാന്ധി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അഴിമതി കാരന്‍ ആയിരുന്നു എന്നായിരുന്നു നരേന്ദ്രമോദിയുടെ പരാമര്‍ശം. ഏറ്റവും വലിയ അഴിമതി കാരന്‍ ആയാണ് രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധി മരണം അടഞ്ഞത് എന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു