തിരുവനന്തപുരം: ഐക്യരാഷ്ട്ര സംഘടന ജനീവയിൽ സംഘടിപ്പിക്കുന്ന ലോക പുനർനിർമാണ സമ്മേളനം ഉൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ മേയ് 8ന് യൂറോപ്പിലേക്ക് യാത്ര തിരിക്കും. മേയ് 13ന് നടക്കുന്ന പുനർനിർമാണ സമ്മേളനത്തിൽ മുഖ്യ പ്രാസംഗകരിൽ ഒരാളാണ് മുഖ്യമന്ത്രി. പ്രസിദ്ധ അമേരിക്കൻ ധനതത്വശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ ജോസഫ് സ്‌റ്റിഗ് ലിറ്റ്സ് ഉൾപ്പെടെയുള്ള പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
കേരളം നേരിട്ട മഹാപ്രളയത്തിന്റെ അനുഭവങ്ങൾ സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കുവെയ്ക്കും. പരിസ്ഥിതി സൗഹൃദവും അതിജീവനശേഷിയുള്ളതുമായ പുനർനിർമാണ പദ്ധതിയെക്കുറിച്ചും അദ്ദേഹം വിശദീകരിക്കും.
നെതർലാന്റ്സിൽ മെയ് 9നാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. നെതർലാന്റ്സിലെ ഐ.ടി മേഖലയിലെ കൂട്ടായ്മയായ ടി.എൻ.ഒ വിന്റെ പ്രതിനിധികളുമായി ചർച്ച നടത്തും. വ്യവസായ കോൺഫെഡറേഷന്റെ പ്രതിനിധികളുമായും അന്ന് കൂടിക്കാഴ്ചയുണ്ട്. പ്രളയദുരന്തം നേരിടുന്നതിന് നെതർലാന്റ്സ് നടപ്പാക്കിയ 'റൂം ഫോർ റിവർ' പദ്ധതി പ്രദേശം സന്ദർശിക്കും. പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിൽ നെതർലാന്റ്സ് നടപ്പാക്കുന്ന മാതൃകകൾ മനസ്സിലാക്കുക എന്നതും സന്ദർശനത്തിന്റെ ഉദ്ദേശമാണ്.
മേയ് 10ന് നെതർലാന്റ്സ് ജലവിഭവ അടിസ്ഥാനസൗകര്യ വികസന മന്ത്രി കോറ വാനുമായി മുഖ്യമന്ത്രി ചർച്ച നടത്തും. വിദ്യാഭ്യാസം, പ്രാദേശിക വികസനം തുടങ്ങിയ മേഖലകളിലെ സഹകരണവും ചർച്ച ചെയ്യും.
നെതർലാന്റ്സ് ദേശീയ ആർക്കൈവ്സിന്റെ ഡയറക്ടർ എം.എൽ എയ്ഞ്ചൽ ഹാർഡ്, അഗ്രികൾച്ചറൽ സെക്രട്ടറി ജനറൽ ജാൻകീസ് ഗോത്ത് എന്നിവരുമായും മേയ് 10ന് കൂടിക്കാഴ്ചയുണ്ട്. പച്ചക്കറി, പുഷ്പ കൃഷി എന്നീ മേഖലകളിൽ സഹകരിക്കുന്നതിനെക്കുറിച്ച് വിദഗ്ധരുമായി മുഖ്യമന്ത്രി സംസാരിക്കും. റോട്ടർഡാം തുറമുഖം, വാഗ് നിയൻ സർവ്വകലാശാല എന്നിവയും മുഖ്യമന്ത്രി സന്ദർശിക്കും. നെതർലാന്റ്സിലെ മലയാളി കൂട്ടായ്മയുമായും മുഖ്യമന്ത്രി ആശയവിനിമയം നടത്തുന്നുണ്ട്. സന്ദർശനത്തിനിടയിൽ യു.എൻ.ഡി.പി. ക്രൈസിസ് ബ്യൂറോ ഡയറക്ടർ അസാകോ ഒകായുമായും ചർച്ച നടത്തും.
മേയ് 14ന് സ്വിറ്റ്സർലാന്റിലെ ധനകാര്യം, വിദ്യാഭ്യാസം, ടൂറിസം മേഖലകളുടെ ചുമതല വഹിക്കുന്ന ഫെഡറൽ കൗൺസിലർ ഗൈ പാർമീലിനുമായി കൂടിക്കാഴ്ച നടത്തും. സ്വിസ് പാർലമെന്റിലെ ഇന്ത്യൻ അംഗങ്ങളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. അവിടുത്തെ ഖരമാലിന്യസംസ്‌കരണ പ്ലാന്റുകൾ സന്ദർശിക്കാനും മുഖ്യമന്ത്രിക്ക് പരിപാടിയുണ്ട്.
കേരളത്തിലേക്ക് വ്യവസായ നിക്ഷേപം ആകർഷിക്കുന്നതിന് സ്വിസ് സംരംഭകരുമായി അദ്ദേഹം ചർച്ച നടത്തും. സ്വിറ്റ്സർലാന്റിലെ പ്രവാസി ഇന്ത്യക്കാരേയും കാണുന്നുണ്ട്.
മേയ് 17ന് ലണ്ടൻ സ്‌റ്റോക്ക് എക്സ്‌ചേഞ്ചിൽ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങിൽ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുക്കും. കേരളത്തിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് ലണ്ടനിലെ മാധ്യമപ്രവർത്തകരുമായും അദ്ദേഹം സംസാരിക്കും. കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടിയിൽ ബ്രിട്ടനിലെ മലയാളികളെ പങ്കാളികളാക്കുന്ന ചടങ്ങും ലണ്ടനിൽ സംഘടിപ്പിക്കുന്നുണ്ട്.
ലണ്ടനിലെ പരിപാടികളിൽ ധനമന്ത്രി ഡോ. തോമസ് ഐസക്, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഡോ. കെ.എം. എബ്രഹാം, വ്യവസായ സെക്രട്ടറി ഡോ. ഇളങ്കോവൻ എന്നിവരും പങ്കെടുക്കും. മേയ് 16ന് പാരിസ് സന്ദർശിക്കുന്ന മുഖ്യമന്ത്രി പ്രസിദ്ധ സാമ്പത്തിക വിദഗ്ധൻ തോമസ് പിക്കറ്റി, സാമ്പത്തിക അസമത്വങ്ങളെക്കുറിച്ചുള്ള പഠനത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ലൂക്കാസ് ചാൻസൽ എന്നിവരുമായി ചർച്ച നടത്തും. ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്സിക്യൂട്ടീവ് ഡോ. വി. വേണു, ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് എന്നിവരും വിവിധ രാജ്യങ്ങളിൽ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടാകും. മേയ് 20ന് മുഖ്യമന്ത്രി തിരിച്ചെത്തും.