കൊച്ചി: സ്വർണാഭരണ വിപണിയിൽ ഉണർവിന്റെ പെരുമഴ പ്രതീക്ഷയുമായി നാളെ അക്ഷയ തൃതീയ. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ അയയ്ഞ്ഞതും വില താരതമ്യേന കുറഞ്ഞ് നിൽക്കുന്നതും ഇനിയും അവസാനിക്കാത്ത വിവാഹ സീസണും വില്‌പനയിൽ വലിയ മുന്നേറ്റത്തിന് സഹായിക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ. ബുക്കിംഗിൽ ദൃശ്യമായ വൻ ഉണർവ് ഇതിന്റെ സൂചനയാണെന്ന് വ്യാപാരികൾ പറയുന്നു.
25 ശതമാനം വളർച്ചയുമായി കഴിഞ്ഞവർഷത്തെ അക്ഷയതൃതീയയിൽ 1,500 കോടി രൂപയുടെ സ്വർണാഭരണ വില്‌പനയാണ് കേരളത്തിൽ നടന്നത്. ആകെ 4,000 കിലോയോളം സ്വർണം അന്ന് വിറ്റഴിഞ്ഞു. ഇക്കുറി പ്രതീക്ഷിക്കുന്നത് 30 ശതമാനം വളർച്ചയോടെ 2,000 കോടി രൂപയുടെ വില്‌പനയാണ്; അതായത് 6,000 കിലോഗ്രാം. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പവൻവില സർവകാല റെക്കാഡുയരമായ 25,160 രൂപയിലും ഗ്രാം വില 3,145 രൂപയിലും എത്തിയത് വിപണിക്കും ഉപഭോക്താക്കൾക്കും തിരിച്ചടിയായിരുന്നു. ഇന്നലെ വില പവന് 23,560 രൂപയും ഗ്രാമിന് 2,945 രൂപയുമാണ്. വിലക്കുറവിന് പുറമേ പ്രമുഖ ജുവലറികൾ അവതരിപ്പിച്ച ആകർഷകമായ ഓഫറുകളും വിപണിയിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്നുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ നിലനിന്ന കർശന നിയന്ത്രണങ്ങൾക്ക് അയവുവന്നതോടെ, പണമൊഴുക്ക് വീണ്ടും സജീവമായതും സ്വർണാഭരണ വിപണിക്ക് ആശ്വാസമാണ്. ചെറിയ ബുക്കിംഗുകളാണ് കൂടുതൽ. അരഗ്രാം, ഒരു ഗ്രാം, അരപ്പവൻ എന്നിങ്ങനെയാണ് കൂടുതൽ ബുക്കിംഗും നടക്കുന്നത്. വെള്ളി ആഭരണങ്ങൾ, വെള്ളി പാത്രങ്ങൾ, ഡയമണ്ട് ആഭരണങ്ങൾ, പ്ളാറ്റിനം, മറ്ര് അമൂല്യ രത്നങ്ങൾ എന്നിവയ്‌ക്കും ഇക്കുറി ഡിമാൻഡുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
നോട്ട് അസാധുവാക്കൽ, ജി.എസ്.ടി എന്നിവ സൃഷ്‌ടിച്ച മാന്ദ്യത്തിന്റെ പശ്‌ചാത്തലത്തിലായിരുന്നു കഴിഞ്ഞവർഷത്തെ അക്ഷയതൃതീയയെ സംസ്‌ഥാന-ദേശീയ സ്വർണാഭരണ വിപണി വരവേറ്റത്. 40 ശതമാനം വരെ വില്‌പന നഷ്‌ടം നോട്ട് അസാധുവാക്കലും ജി.എസ്.ടിയും സമ്മാനിച്ചിരുന്നു. എന്നിട്ടും സംസ്‌ഥാന വിപണി 25 ശതമാനവും ദേശീയ വിപണി 15 ശതമാനവും കഴിഞ്ഞവർഷം അക്ഷയതൃതീയ്ക്ക് നേട്ടമുണ്ടാക്കി. ഇക്കുറി തിരഞ്ഞെടുപ്പ് നിയന്ത്രണങ്ങളുണ്ടെങ്കിലും ദേശീയ വിപണിയും പ്രതീക്ഷിക്കുന്നത് 30 ശതമാനം വരെ വില്‌പന നേട്ടമാണ്.
''തിരക്ക് ഒഴിവാക്കാനായി അക്ഷയതൃതീയ ബുക്കിംഗ് ഇക്കുറി ഒരുമാസം മുമ്പേ തുടങ്ങി. വിലക്കുറവും ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതും വിവാഹ സീസണും ഇത്തവണ മികച്ച വില്‌പന സമ്മാനിക്കുമെന്നാണ് പ്രതീക്ഷ""
എസ്. അബ്‌ദുൾ നാസർ, ട്രഷറർ,
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ
മർച്ചന്റ്‌സ് അസോസിയേഷൻ
30%
ഇക്കുറി അക്ഷയതൃതീയയ്ക്ക് പ്രതീക്ഷിക്കുന്നത് 30% വളർച്ചയോടെ 2,000 കോടി രൂപയുടെ വില്‌പന. 2018ലെ അക്ഷയതൃതീയയിൽ വില്‌പന 1,500 കോടി രൂപയുടേതായിരുന്നു.
₹250 കോടി
പ്രതിദിനം 200-250 കോടി രൂപയുടെ സ്വർണാഭരണ കച്ചവടമാണ് കേരളത്തിൽ നടക്കുന്നത്. അക്ഷയതൃതീയയിൽ വില്‌പന 1,000-1,500 കോടി രൂപ കടക്കും.
12,000
കേരളത്തിൽ പ്രവർത്തിക്കുന്ന സ്വർണാഭരണ ശാലകൾ 12,000
4,000 കിലോഗ്രാം
കഴിഞ്ഞവർഷത്തെ അക്ഷയതൃതീയയിൽ കേരളത്തിൽ വിറ്റഴിഞ്ഞത് 4,000 കിലോഗ്രാം സ്വർണം. ഇത്തവണ പ്രതീക്ഷിക്കുന്ന വില്‌പന 6,000 കിലോഗ്രാം.
ഡിമാൻഡ് ഇവയ്ക്ക്
മഹാലക്ഷ്‌മി ലോക്കറ്റ്, ഗുരുവായൂരപ്പൻ ലോക്കറ്റ്, മൂകാംബികയിൽ പൂജിച്ച നാണയങ്ങൾ എന്നിവയ്‌ക്ക് അക്ഷയതൃതീയ പ്രമാണിച്ച് മികച്ച ഡിമാൻഡുണ്ട്.
₹23,560
പവൻവില ഇന്നലെ 23,560 രൂപ. ഗ്രാമിന് 2,945 രൂപ.