കൊച്ചി: ഇന്ത്യൻ മതേതരത്വത്തിന്റെ പ്രവാചകനാണ് ശ്രീനാരായണ ഗുരുവെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. എറണാകുളം സഹോദരനഗറിൽ ശ്രീനാരായണ ദർശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന നിലവിൽ വരുന്നതിന് പതിറ്റാണ്ടുകൾക്ക് മുന്നേ മതേതരത്വം ശ്രീനാരായണ ഗുരു പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ മതേതരത്വം സമൂഹത്തിൽ അവതരിപ്പിച്ചതും വിത്തുപാകിയതും ശ്രീനാരായണഗുരുവാണ്. എന്നാൽ അദ്ദേഹം ആ നിലയിൽ അംഗീകരിക്കപ്പെട്ടില്ല.
മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ആശയത്തിന് പലരും പല വ്യാഖ്യാനങ്ങൾ നൽകുന്നുണ്ട്. എന്നാൽ ശ്രീനാരായണഗുരു ഉദ്ദേശിച്ചത് ഏത് മതത്തിൽ വിശ്വസിച്ചാലും മറ്റുള്ളവർക്ക് നന്മ ചെയ്ത് നല്ല മനുഷ്യരായിത്തീരുകയെന്നതാണ്. മതേതര സമീപനമെന്നത് സ്വന്തം മതത്തിൽ വിശ്വസിക്കുന്നതുപോലെ മറ്റ് മതവിശ്വാസികളെ ആദരിക്കുന്നതും അവർക്ക് വിശ്വസിക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകുന്നതുമാണ്. വിവാഹധൂർത്ത് അവസാനിപ്പിക്കണമെന്ന് ഗുരുദേവൻ വർഷങ്ങൾക്ക് മുന്നേ പറഞ്ഞതാണ്. എന്നാൽ ഇന്ന് ആഘോഷങ്ങളിലൂടെ ധൂർത്ത് നടത്താനായി നമ്മൾ കാരണങ്ങളുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ സേവാസംഘത്തിന്റെ എം.കെ. രാഘവൻ വക്കീൽ പുരസ്‌കാരം മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി.വി. ചന്ദ്രന് ജസ്റ്റിസ് സിറിയക് ജോസഫ് നൽകി. അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വേദിയിൽവച്ചുതന്നെ അവാർഡ് തുക സേവാസംഘത്തിന്റെ കാരുണ്യ പ്രവർത്തനങ്ങൾക്കായി പി.വി. ചന്ദ്രൻ കൈമാറി.
ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി. രാജൻ, ട്രഷറർ ടി.എൻ. വിശ്വംഭരൻ, സൈഗൻ സ്വാമി, സ്വാമി ധർമ്മ ചൈതന്യ, പ്രൊഫ.എം.കെ. പ്രസാദ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.