ഭുവനേശ്വർ: ഫോനി ചുഴലിക്കാറ്റ് സംഹാരതാണ്ഡവമാടിയ ഒഡിഷയിൽ മരണസംഖ്യ 29 ആയി ഉയർന്നു. കനത്ത നാശനഷ്ടമാണ് ഫോനിക്കുശേഷം സംസ്ഥാനത്തുനിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കാറ്റിലും മഴയിലും ഒഡിഷയുടെ തീരപ്രദേശങ്ങൾ പകുതിയിലേറെയും തകർന്നു. ദിവസങ്ങളായി വൈദ്യുതി മുടങ്ങിക്കിടക്കുന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമവും രൂക്ഷമാണ്. ചുഴലിക്കാറ്റ് ഏറ്റവും തീവ്രമായി ബാധിച്ച ഒഡിഷയിലെ പുരിയിലാണ് 29ൽ 21 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ചീഫ് സെക്രട്ടറി എ.പി. പധി അറിയിച്ചു. പുരി, ഖുദ്ര പ്രദേശങ്ങളിലെ ജനങ്ങൾക്ക് സർക്കാർ ദുരിതാശ്വാസ സഹായങ്ങൾ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് 50 കിലോ അരി, 2000 രൂപ, പോളിത്തീൻ ഷീറ്റുകൾ എന്നിവ നൽകുമെന്ന് മുഖ്യമന്ത്രി നവീൻ പട്‌നായിക് അറിയിച്ചു. പൂർണമായി തകർന്ന വീടുകൾക്ക് 95,100 രൂപ ധനസഹായവും വലിയ കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് 52,000 രൂപയുടെ ധനസഹായവും ചെറിയ കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് 3200 രൂപയുടെ ധനസഹായവും സർക്കാർ നൽകും. ദുരിതാശ്വസപ്രവർത്തനങ്ങൾക്ക് കേന്ദ്രസഹായം നൽകുമെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകിയിരുന്നു. റെയിൽഗതാഗതം ഭാഗികമായി മാത്രമാണ് പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടുള്ളത്.