തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൽഹി മുഖ്യമന്ത്റി അരവിന്ദ് കെജ്‌രിവാളിനെ ആക്രമിച്ചതിനെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെജ്‌രിവാളിനെ ഫോണിൽ വിളിച്ച് ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആക്രമണത്തെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്റി ആക്രമിക്കപ്പെട്ടിട്ടും കേന്ദ്രം അത് ഗൗരവമായി കാണാത്തത് അങ്ങേയറ്റം ഉത്കണ്ഠയുളവാക്കുന്നുവെന്ന് പിണറായി വ്യക്തമാക്കി. സംഘപരിവാർ അജണ്ടക്കെതിരെ നിലപാട് എടുക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കെജ്രിവാളിനെതിരെയുള്ള ആക്രമണം എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമണത്തിന് ഇരയായ ഡൽഹി മുഖ്യമന്ത്റി അരവിന്ദ് കെജ്‌രിവാളിനെ ഫോണിൽ വിളിച്ച് സംസാരിച്ചു. അക്രമത്തെ ശക്തിയായി അപലപിക്കുന്നു. ഡൽഹി മുഖ്യമന്ത്റിക്കെതിരെ ഇതിനു മുമ്പും പലതവണ ആക്രമണം ഉണ്ടായിട്ടുണ്ട്. വ്യാപകമായ പ്രതിഷേധം ഇത്തരം ആക്രമങ്ങൾക്കെതിരെ ഉയർന്നിട്ടും കേന്ദ്രസർക്കാർ നിയന്ത്റിക്കുന്ന ഡൽഹി പോലീസ് ഒരു നടപടിയും എടുത്തിട്ടില്ല.
ഈ നിസംഗതയും അനാസ്ഥയുമാണ് അക്രമങ്ങൾ ആവർത്തിക്കുന്നതിന് ഇടയാക്കുന്നത്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്റി ആക്രമിക്കപ്പെട്ടിട്ടും കേന്ദ്രം അത് ഗൗരവമായി കാണാത്തത് അങ്ങേയറ്റം ഉത്കണ്ഠയുളവാക്കുന്നു. സംഘപരിവാർ അജണ്ടക്കെതിരെ നിലപാട് എടുക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കെജ്‌രിവാളിനെതിരെ ഉണ്ടായ ആക്രമണം..