siji

കളമശ്ശേരി:ഒപ്പം കഴിഞ്ഞിരുന്ന യുവതിയെയും അമ്മയെയും യുവതിയുടെ ഒന്നരവയസുള്ള കുഞ്ഞിനെയും ഡീസലൊഴിച്ച് തീ കൊളുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.യുവതിയും കുഞ്ഞും വീട്ടിലും അമ്മ ആശുപത്രിയിലും മരിച്ചു.
ചേർത്തല വാരനാട് തോപ്പു വെളിയിൽ സിജിയെയാണ് (39) തൂങ്ങി​മരി​ച്ചനി​ലയി​ൽ കണ്ടെത്തി​യത്. കോലഞ്ചേരി​ പട്ടിമറ്റം ചെങ്ങര പീച്ചേരി പറമ്പിൽ ബിന്ദു (29), മകൻ ശ്രീഹരി, ബിന്ദുവിന്റെ മാതാവ് ആനന്ദവല്ലി (54) എന്നി​വരാണ് പൊള്ളലേറ്റ് മരണമടഞ്ഞത്. മദ്യലഹരി​യി​ലാണ് സി​ജി​ കടുംകൈ ചെയ്തതെന്ന് കരുതുന്നു.
കൊച്ചി സർവകലാശാല കാമ്പസിനു സമീപം പോട്ടച്ചാൽ നഗർ റോഡിലുള്ള വാടക വീട്ടിൽ ഞായറാഴ്ച പുലർച്ചെ രണ്ട് മണി​ക്കാണ് സംഭവം. നിലത്തു പായയിൽ കിടന്നുറങ്ങുകയായിരുന്ന മൂന്ന് പേരുടെയും ശരീരത്തി​ൽ സി​ജി​ ഡീസലൊഴി​ച്ച് തീ കൊളുത്തുകയായി​രുന്നു.
ശരീരമാസകലം പൊള്ളലേറ്റ് മരണവെപ്രാളത്തിൽ അലമുറയിട്ട് ആനന്ദവല്ലി വീടിനു പുറത്തേക്കോടി​. ഓടിക്കൂടിയവരോട് സി​ജിയാണ് തീ കൊളുത്തിയതെന്ന് ആനന്ദവല്ലി പറഞ്ഞു. സമീപവവാസി​കൾ വീടിനകത്ത് കയറി നോക്കിയപ്പോൾ ബിന്ദുവും മകനും കത്തിക്കരിഞ്ഞ നിലയിലായി​രുന്നു. സി​ജിയെ പുറത്തെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആനന്ദവല്ലിയെ പൊലീസും നാട്ടുകാരും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കി​ലും ഇന്നലെ രാവിലെ 11 മണി​യോടെ മരിച്ചു. ഉറക്കത്തിലായിരുന്നതിനാൽ ബിന്ദുവിന് എഴുന്നേൽക്കാൻ പോലും സാധിച്ചില്ല. കിടന്ന ഉടനെയായതിനാലാണ് ആനന്ദവല്ലിക്ക് എഴുന്നേറ്റ് ഓടാൻ സാധിച്ചത്.

സജിയും ബിന്ദുവും പതി​വായി​ കലഹി​ച്ചി​രുന്നുവെന്നും വീട്ടിൽ സൂക്ഷിച്ചിരുന്ന ഡീസലൊഴി​ച്ചാണ് മൂന്ന് പേരെയും സിജി തീ കൊളുത്തിയതെന്നും ആനന്ദവല്ലി പൊലീസിന് മൊഴി നൽകി.

ആനന്ദവല്ലി രാത്രി ഏറെ വൈകിയും പൈപ്പിൽ നിന്ന് ബക്കറ്റുകളിൽ വെള്ളം നിറച്ച് അലക്കുന്നത് കണ്ടതായി അയൽവാസികൾ പറഞ്ഞു. ഈ സമയം സിജി പുറത്തിരുന്ന് മദ്യപിക്കുന്നുണ്ടായി​രുന്നു.

കഴിഞ്ഞ മാർച്ചിലാണ് ഇവർ ഇവിടെ വാടകയ്ക്കു താമസിക്കാനെത്തിയത്. ശ്രീഹരി​ സി​ജി​യുടെ കുഞ്ഞല്ല.ബി​ന്ദുവി​നും കുഞ്ഞി​നുമൊപ്പം എന്നാണ് സി​ജി​ കൂടി​യതെന്നും വ്യക്തമല്ല. അയൽക്കാരോട് അടുക്കാൻ ഇവർ താത്പര്യം കാണി​ച്ചി​രുന്നി​ല്ല.

ഹോട്ടലുകളിൽ ജോലി ചെയ്യുകയായിരുന്നു സിജി.ഇയാൾക്ക് നാട്ടിൽ ഭാര്യയും മൂന്നു മക്കളുമുണ്ട്. നാലു വർഷം മുൻപ് വീടുവിട്ടിറങ്ങിയ സി​ജിയെ കാണാനില്ലെന്ന് കാണിച്ച് ഭാര്യയും ബന്ധുക്കളും പൊലീസിൽ പരാതി നൽകിയിരുന്നു. സി​ജിയുടെ ഡയറിയിൽ നിന്ന് പൊലീസിനു ലഭിച്ച ഫോൺ നമ്പരിൽ നിന്നാണ് ബന്ധുക്കളെ കണ്ടെത്താനായത്. ഫോറൻസിക് വി​ദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി​. കളമശേരി സി.ഐ എ പ്രസാദ്, എസ്.ഐ പി.ജി.മധു എന്നിവരുടെ നേതൃതത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി സി​ജിയുടെ മൃതദേഹം വാരനാട്ടേക്ക് കൊണ്ടു പോയി​. ബിന്ദുവി​ന്റെയും ശ്രീഹരിയുടേയും ആനന്ദവല്ലിയുടേയും മൃതദേഹങ്ങൾ നാട്ടി​ലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ തയ്യാാറായി​ല്ല. തുടർന്ന് കളമശേരി ശ്‌മശാനത്തിൽ സംസ്‌കരിച്ചു.