rahul-gandhi-

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് നിരന്തരം ഉന്നയിക്കുന്ന ചൗക്കീദാർ പരാമർശത്തെക്കുറിച്ച് വിശദമാക്കി രാഹുൽ ഗാന്ധി. ഈ മുദ്റാവാക്യം തന്റെ സൃഷ്ടിയല്ലെന്നാണ് കോൺഗ്രസ് അദ്ധ്യക്ഷന്റെ വാക്കുകൾ.

ചണ്ഡിഗഡിൽ ഒരു സമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെ,​ ചൗക്കീദാർ കർഷക കടങ്ങൾക്ക് മാപ്പ് നൽകിയില്ല, ചൗക്കീദാർ ആർക്കും തൊഴിൽ നൽകിയില്ല, ചൗക്കീദാർ നിങ്ങൾക്ക് 15 ലക്ഷം നൽകിയില്ല എന്ന് പറഞ്ഞു. അപ്പോൾ അവിടെ നിന്ന ചില യുവാക്കൾ ഞാൻ ചൗകിദാർ എന്ന് പറയുമ്പോൾ ചോർ ഹെ എന്ന് തിരികെ പറഞ്ഞു. അപ്പോൾ ഞാൻ പ്രസംഗം നിർത്തിയിട്ട് അവരോട് അത് ആവർത്തിക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ അവരാണ് ചൗക്കീദാർ ചോർ ഹെ എന്ന് പറഞ്ഞത്. അതൊരിക്കലും എന്നിൽ നിന്നുണ്ടായതല്ല, രാജ്യമെമ്പാടുമുള്ള ജനങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ മുദ്റാവാക്യമാണ്. അത് കോൺഗ്രസിലെ പല മുതിർന്ന നേതാക്കളും ഇപ്പോൾ പറയുന്നുണ്ട്. അവർ ചൗകിദാറെന്ന് പറയുമ്പോൾ ആൾക്കൂട്ടം ചോർ ഹെ എന്ന് ഏ​റ്റുചൊല്ലും.' രാഹുൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ അഞ്ച് വർഷക്കാലം കോൺഗ്രസ് ബി.ജെ.പിയുമായി ആദർശപരമായി യുദ്ധത്തിലായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനം ഉറപ്പായും കാണാനാകും. മോദിയെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുക തന്നെ ചെയ്യും. ആർ എസ് എസിനും മോദിക്കുമുള്ള ഏക ഭീഷണി ഞങ്ങൾ മാത്രമാണ്. ഭൂമി ഏ​റ്റെടുക്കൽ നിയമം എടുത്തുമാ​റ്റാൻ മോദി ശ്രമിച്ചപ്പോൾ കോൺഗ്രസിന്റെ 44 അംഗങ്ങളും ഒ​റ്റക്കെട്ടായി നിന്ന് അതിനെതിരെ പോരാടിയെന്നും രാഹുൽ പറഞ്ഞു.