1. ലോക്സഭ തിരഞ്ഞെടുപ്പിലെ കള്ളവോട്ടില്‍ അവിവാദം കൊഴുക്കവേ കാസര്‍കോട്ടെ അതീവ പ്രശ്ന ബാധിത ബൂത്തുകളിലെ വെബ് സ്ട്രീമിംഗ് പരിശോധിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശം പ്രകാരം പരിശോധിച്ചത് 43 ബൂത്തുകളിലെ ദൃശ്യങ്ങള്‍. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് കളക്ടര്‍ നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 2. കാസര്‍കോട് മണ്ഡലത്തിലെ നാലും ഉദുമയിലെ മൂന്നും കാഞ്ഞങ്ങാട്ടെ പതിമൂന്നും തൃക്കരിപ്പൂരിലെ ഇരുപത്തി മൂന്നും ബൂത്തുകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പരിശോധിച്ചത്. കളക്ടര്‍ ഡി.സജിത് ബാബുവിനൊപ്പം ഓരോ ബൂത്തുകളിലേയും ബിഎല്‍ ഒ മാരും, വെബ് കാസ്റ്റിംഗിന്റെ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു. ദൃശ്യങ്ങളില്‍ അസ്വാഭാവികത ഉണ്ടോ ബൂത്തിനകത്ത് അനധികൃതമായി ആളുകള്‍ പ്രവേശിക്കുന്നുണ്ടോ എന്നിവയാണ് പരിശോധിച്ചത് 3. അതിനിടെ, യു.ഡി.എഫിന് എതിരെ ആഞ്ഞടിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എമ്മിന് എതിരെ യു.ഡി.എഫ് കള്ളവോട്ട് ആരോപണം ഉന്നയിക്കുന്നത് പരാജയ ഭീതി മൂലം എന്ന് കോടിയേരി. സി.പി.എം വിജയിക്കും എന്ന് ഉറപ്പായതോടെ യു.ഡി.എഫ് മുന്‍കൂര്‍ ജാമ്യം എടുക്കുക ആണ്. കൂടുതല്‍ കളളവോട്ട് ചെയ്തത് യു.ഡി.എഫാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഏത് അന്വേഷണത്തെയും നേരിടാന്‍ സി.പി.എം തയാറാണെന്നും കോടിയേരി ബാലകൃഷ്ണന്‍ 4. പാലാരിവട്ടം മേല്‍പ്പാലത്തിന് ഗുരുതര നിര്‍മ്മാണ പാളിച്ചയെന്ന് ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ധ സംഘം. മേല്‍പ്പാലത്തിലെ ഗാര്‍ഡറുകള്‍ക്കും പിയറുകള്‍ക്കും സാരമായ വിള്ളലുണ്ടെന്ന് വിദഗ്ധ സംഘത്തിന്റെ പരിശോധനയില്‍ കണ്ടെത്തി. രൂപ കല്‍പ്പനയിലും, ഗുണ നിലവാരത്തിലും ഗുരുതര പാളിച്ചയുണ്ട്. കാര്‍ബണ്‍ ഫൈബര്‍ ടെക്‌നോളജി ഉപയോഗിച്ച് അറ്റക്കുറ്റ പണി നടത്തണം
5. അറ്റക്കുറ്റ പണി പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം വേണം. അത്രയും നാള്‍ പാലം അടച്ചിട്ടണമെന്നും ഐ.ഐ.ടി വിദഗ്ധനായ അളക സുന്ദരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘം അറിയിച്ചു. പാലാരിവട്ടം പാലം സന്ദര്‍ശിച്ച പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും കഴിഞ്ഞ ദിവസം ഇതേ അഭിപ്രായം ഉന്നയിച്ചിരുന്നു. പാലം നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയും ക്രമക്കേടും കണ്ടെത്തിയ സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. 6. രണ്ടര വര്‍ഷം മുന്‍പ് 52 കോടി രൂപ ചിലവഴിച്ച പാലത്തിന്റെ നിര്‍മ്മാണ ചുമതല വന്‍കിട കരാറുകള്‍ നടപ്പാക്കുന്ന കിറ്റ്‌കോയ്ക്ക് ആയിരുന്നു. പാലം തുറന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ റോഡിലെ ടാറിളകി തുടങ്ങിയിരുന്നു. നിര്‍മാണ ചിലവ് കുറയ്ക്കാന്‍ കരാറുകാരും കമ്പനിയും ശ്രമിച്ചതാകാം പാളിച്ച സംഭവിക്കാന്‍ കാരണമെന്നും വിദ്ഗധര്‍. 7. മുഖ്യമന്ത്രി പിണറായി വിജയന്റെ 13 ദിവസത്തെ യൂറോപ്യന്‍ സന്ദര്‍ശനം ബുധനാഴ്ച മുതല്‍ ആരംഭിക്കും. ലണ്ടന്‍ സ്റ്റോക്ക് എക്സ്‌ചേഞ്ചില്‍ കിഫ്ബി മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രി മുഖ്യാതിഥിയാകും. കേരളത്തിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് ലണ്ടനിലെ മാദ്ധ്യമ പ്രവര്‍ത്തകരുമായും അദ്ദേഹം സംസാരിക്കും. കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടിയില്‍ ബ്രിട്ടനിലെ മലയാളികളെ പങ്കാളികളാക്കുന്ന ചടങ്ങും ലണ്ടനില്‍ സംഘടിപ്പിക്കുന്നുണ്ട്. 8. ഐക്യരാഷ്ട്ര സംഘടന ജനീവയില്‍ സംഘടിപ്പിക്കുന്ന ലോക പുനര്‍നിര്‍മാണ സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. മെയ് 13ന് നടക്കുന്ന പുനര്‍നിര്‍മാണ സമ്മേളനത്തിലെ മുഖ്യ പ്രസംഗകരില്‍ ഒരാളാണ് കേരള മുഖ്യമന്ത്രി. കേരളം നേരിട്ട മഹാപ്രളയത്തിന്റെ അനുഭവങ്ങള്‍ ഈ സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കുവെയ്ക്കും. പരിസ്ഥിതി സൗഹൃദവും അതിജീവന ശേഷിയുള്ളതുമായ പുനര്‍നിര്‍മാണ പദ്ധതിയെക്കുറിച്ചും വിശദീകരിക്കും. 9. സി.പി.ഐയും പൊന്നാനി ലോക്സഭാ സ്ഥാനാര്‍ത്ഥി പി വി അന്‍വറും തമ്മിലുള്ള വാക്ക് തര്‍ക്കങ്ങള്‍ മുറുകുന്നതിനിടെ അന്‍വറിനെ വിമര്‍ശിച്ച് സി.പി.ഐ മലപ്പുറം ജില്ലാ കൗണ്‍സില്‍ യോഗം. സി.പി.ഐയ്ക്ക് എതിരെ അന്‍വര്‍ നടത്തിയ പ്രസ്താവനകള്‍ മുന്നണി മര്യാദയ്ക്ക് നിരക്കാത്തത് എന്ന് വിലയിരുത്തല്‍. വയനാട്ടിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി സുനീറിനെ ക്വാറി മാഫിയയുടെ ആളായി ചിത്രീകരിച്ചത് ശരിയായില്ല. വിവാദ പരാമര്‍ശങ്ങള്‍ ഇനി ഉണ്ടാകരുതെന്നും യോഗം വ്യക്തമാക്കി. 10. മുന്നണി മര്യാദകളെ ബാധിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴി തുറന്നതോടെ വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഇനി നോക്കി ഇരിക്കാന്‍ ആവില്ലെന്ന് സി.പി.എം മലപ്പുറം ജില്ലാ നേതൃത്വം അന്‍വറിനെ അറിയിച്ചിരുന്നു. സി.പി.ഐ വിമര്‍ശനം ഇതിനു പിന്നാലെ. മുസ്ലീം ലീഗും സി.പി.ഐയും ഒരുപോലെ ആണെന്നും സി.പി.ഐ നേതാക്കള്‍ എക്കാലവും തന്നെ ദ്രോഹിക്കുകയാണ് ചെയ്തിട്ടുള്ളത് എന്നും ആയിരുന്നു പി.വി അന്‍വറിന്റെ വിവാദ പരാമര്‍ശം 11. മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് എതിരെ കേസ്. ബാബ രാംദേവ് ഉള്‍പ്പെടെ ഉള്ളവര്‍ നല്‍കിയ പരാതിയില്‍ ഹരിദ്വാര്‍ പൊലീസ് കേസ് എടുത്തു. നടപടി, കഴിഞ്ഞ ദിവസം ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിംഗ് ഠാക്കൂര്‍ നടത്തിയ പ്രസ്താവനയ്ക്കുള്ള മറുപടി പ്രസംഗത്തിന് പിന്നാലെ. ഹിന്ദുക്കള്‍ ആരും അക്രമകാരികള്‍ അല്ല എന്നായിരുന്നു പ്രജ്ഞയുടെ പ്രസ്താവന. ഇതിന് രാമായണവും മഹാഭാരതവും പോലും അക്രമ സംഭവങ്ങള്‍ നിറഞ്ഞവ ആണെന്ന തരത്തില്‍ ആയിരുന്നു യെച്ചൂരിയുടെ മറുപടി.
|