അമ്പലപ്പുഴ: ഇന്റർ മെഡിക്കോസ് കലാകായിക മേളയിൽ (ഇൻവിക്ട) ആതിഥേയരായ ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജിനെ പിന്തള്ളി തിരുവനന്തപുരം മെഡിക്കൽ കോളേജ് 389 പോയിന്റോടെ കിരീടം സ്വന്തമാക്കി. ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തിൽ 354 പോയിന്റോടെ ആലപ്പുഴ മെഡിക്കൽ കോളേജ് രണ്ടാമതായി. 204 പോയിന്റ് നേടിയ തൃശൂർ മെഡിക്കൽ കോളേജിനാണ് മൂന്നാം സ്ഥാനം. കലാതിലകമായി പുഷ്പഗിരി മെഡിക്കൽ കോളേജിലെ രിധിമ ജിൽസുവും കാലപ്രതിഭയായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അനന്തകൃഷ്ണനും തിരഞ്ഞെടുക്കപ്പെട്ടു.
ചിത്രപ്രതിഭ ആയി അൽഅസർ മെഡിക്കൽ കോളേജിലെ അക്ഷയ് സഞ്ജീവ് തിരഞ്ഞെടുക്കപ്പെട്ടു. സർഗപ്രതിഭ പുരസ്കാരങ്ങൾ ജോബിൻ ബാബു (തിരുവനന്തപുരം), ആതിര (തിരുവനന്തപുരം), സായൂജ്യ വിജയൻ (മഞ്ചേരി), ശാലിനി (ആലപ്പുഴ) എന്നിവർ പങ്കിട്ടു. ഇൻവിക്ട 2019 സ്പോർട്ട്സ് ഓവറാൾ ചാമ്പ്യൻഷിപ്പ് ആലപ്പുഴ മെഡിക്കൽ കോളേജും, ആർട്സ് ഓവറാൾ ചാമ്പ്യൻഷിപ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജും കരസ്ഥമാക്കി. ഇന്നലെ പുലർച്ചെ 4 മണിയോടെ നടന്ന സമാപനയോഗം ടി.ഡി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം. പുഷ്പലത ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു സംസാരിച്ചു. 32 -ാമത് ഇന്റർ മെഡിക്കോസിന് ആതിഥേയത്വം വഹിക്കുന്ന എറണാകുളം മെഡിക്കൽ കോളേജിനു വേണ്ടി യൂണിയൻ ചെയർമാൻ ജസ്വിൻ ദീപശിഖ ഏറ്റുവാങ്ങി.