mm-mani

ഇടുക്കി: സി.പി.എമ്മിനെതിരെ ഇടുക്കി ജില്ലയിലും കള്ളവോട്ട് ആരോപണവുമായി കോൺഗ്രസ് രംഗത്ത്. ഡി.വൈ.എഫ്‌.ഐ പ്രവർത്തകൻ രണ്ട് തിരിച്ചറിയൽ കാർഡുകളുപയോഗിച്ച് ഉടുമ്പൻചോല പഞ്ചായത്തിലെ രണ്ട് ബൂത്തുകളിൽ വോട്ടിട്ടെന്നാരോപിച്ച് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറാണ് രംഗത്തെത്തിയത്. രണ്ട് തിരിച്ചറിയൽ രേഖകളുപയോഗിച്ച് രഞ്ജിത് എന്ന വ്യക്തി 66, 69 നമ്പർ ബൂത്തുകളിൽ വോട്ടിട്ടെന്നാണ് ആരോപണം. ഒരു കാർഡിൽ രഞ്ജിത്ത് കുമാറെന്നും മറ്റൊന്നിൽ പി. രഞ്ജിത്ത് എന്നുമാണ് പേരുള്ളത്. മന്ത്രി എം.എം. മണിയുടെ മണ്ഡലമാണ് ഉടുമ്പൻചോല. വോട്ടിംഗിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി യു.ഡി.എഫ് ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. രഞ്ജിത്ത് ഡി.വൈ.എഫ്‌.ഐ പ്രവർത്തകനാണെന്നും ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് രണ്ട് തിരിച്ചറിയൽ രേഖകളുണ്ടാക്കിയതെന്നും യു.ഡി.എഫ് ആരോപിച്ചു.

'ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന് സ്വബോധമില്ല. സി.പി.എം കള്ള വോട്ട് ചെയ്‌തെന്ന ആരോപണം തെറ്റാണ്. ആരോപണം തെളിയിക്കാൻ യു.ഡി.എഫിനെ വെല്ലുവിളിക്കുന്നു. ഇടുക്കിയിൽ ആരെങ്കിലും കള്ളവോട്ട് ചെയ്തിട്ടുണ്ടോയെന്ന് നിയമപരമായി പരിശോധിക്കട്ടെ".

മന്ത്രി എം.എം. മണി

'സ്ഥിര ബുദ്ധിക്ക് മന്ത്രി മണിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. സ്വന്തം നിയോജക മണ്ഡലത്തിൽ കള്ളവോട്ട് നടന്നതിലുള്ള ജാള്യതയാണ് എനിക്കെതിരായ മന്ത്രിയുടെ പരാമർശം. സി.പി.എമ്മിന് അന്തസുണ്ടെങ്കിൽ പരസ്യമായി മാപ്പു പറഞ്ഞ് പ്രവർത്തകനെതിരെ നടപടിയെടുക്കണം. ഉടുമ്പൻചോല മണ്ഡലത്തിലെ ആയിരക്കണക്കിന് യു.ഡി.എഫ് വോട്ടുകളാണ് എൽ.ഡി.എഫ് അനുഭാവികളായ ബി.എൽ.ഒമാരെ സ്വാധീനിച്ച് വെട്ടിമാറ്റിയത്. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കളക്ടർക്കും പരാതി നൽകും.

അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ,​ ഇടുക്കി ഡി.സി.സി പ്രസിഡന്റ്