സൈക്കിളിടിച്ച് പരിക്കേറ്റ കോഴിക്കുഞ്ഞിനെ ചികിത്സിക്കാൻ രണ്ടുരൂപയുമായി ഡോക്ടറെകാണാനെത്തിയ മിസോറാം ബാലന്റെ നിഷ്കളങ്കത സോഷ്യൽ മീഡിയ ആഘോഷിച്ചതാണ്. കഴിഞ്ഞ ദിവസം അമ്മയെ തല്ലുന്ന അച്ഛനെക്കുറിച്ച് പരാതി പറയാൻ പോലീസ് സ്റ്റേഷനിൽ എത്തിയ കുട്ടിയുടെയും കഥയും അതിൽപ്പെടും.
രണ്ട് കുഞ്ഞുങ്ങളുടെ നിഷ്കളങ്കത നിറഞ്ഞ ഒരു കത്താണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. അതും നമ്മുടെ സ്വന്തം കേരളത്തിൽ നിന്ന്. ഉടമസ്ഥൻ വിറ്റ ആട്ടിൻകുട്ടികളെ കാണാനായി വിറ്റ ആളിന്റെ വീട് തേടിപിടിച്ച് എത്തിയതാണ് രണ്ട് കുട്ടികൾ. എന്നാൽ ഉടമസ്ഥൻ ഇല്ലാതിരുന്നതിനാൽ കാണാൻ പറ്റിയില്ല. ഇതേതുടർന്ന് ഒരു കത്ത് എഴുതിവെച്ചിട്ടാണ് ഇവർ പോയത്. ഇവരുടെ കത്ത് ഇങ്ങനെ:
പ്രിയപ്പെട്ട അങ്കിൾ,
എനിക്കും എന്റെ അനിയനും ഒരു ചെറിയ അനുവാദം തരണം. ഞങ്ങൾക്ക് ആ ആട്ടിൻകുട്ടികളെ കാണാൻ അനുവാദം തരണം. ഞങ്ങൾക്ക് അതിനെ കാണാതിരിക്കാൻ പറ്റില്ല. പെർമിഷന്‍ തരും എന്ന ഉറപ്പോടെ ഞാൻ നിർത്തുന്നു.
എന്ന്
ആടുകളെ വില്‍ക്കപ്പെട്ട വീട്ടിലെ കുട്ടികൾ
– ഇതായിരുന്നു കത്തിലെ വാചകങ്ങള്‍.
നിതിൻ ജി നെടുമ്പിനാൽ എന്ന യുവാവാണ് ഈ കത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. നിതിന്റെ കുറിപ്പ് ഇങ്ങനെ:
ജോലി കഴിഞ്ഞ് എന്നും ഉച്ചയ്ക്ക് വക്കീലിന്റെ വീട്ടില്‍ അല്പനേരം വിശ്രമിക്കാറുണ്ട്. ഇന്നും പതിവ് പോലെ ചെന്നപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. പുറത്തിരുന്ന് returns എഴുതുമ്പോള്‍ ഏതോ കുട്ടികൾ കൊണ്ടുവെച്ച ഈ കത്ത് എന്റെ ശ്രദ്ധയിൽപ്പെട്ടു.. ഒന്ന് വായിച്ചപ്പോൾ തന്നെ ഉള്ളിൽവല്ലാത്തൊരു കുളിർമ തോന്നി. ആ കുട്ടികളുടെ വീട്ടിൽ നിന്നും വക്കീൽ വാങ്ങിയ ആട്ടിൻകുട്ടികളെ കാണാനെത്തിയതാണ് കുട്ടികൾ..!
വന്നോപ്പോൾ വീട്ടിൽ ആരും ഇല്ലാത്തതിനാൽ ഇനി വരുമ്പോൾ ആട്ടിൻകുട്ടികളെ കാണാനുള്ള അനുവാദം തരണം എന്ന അപേക്ഷയാണ് കത്തിൽ…!
ഉടമസ്ഥന്‍ വിറ്റിട്ടും, വാങ്ങിയ ആളിന്റെ വീട് തേടിപ്പിടിച്ച് ഇതുപോലൊരു കത്തെഴുതിയ ആ കുട്ടികൾ നൽകുന്ന സന്ദേശം വളരെ വലുതാണ്..
‘എനിക്കും അനിയനും അതിനെ(ആട്ടിൻകുട്ടിയെ) കാണാതിരിക്കാൻ കഴിയില്ല’ എന്ന ഒറ്റ വരി മതി സ്‌നേഹം മരിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തെ മനുഷ്യരെ ഇരുത്തി ചിന്തിപ്പിക്കാൻ..