ന്യൂഡൽഹി: ഓരോ തവണ സുഹൃത്തുക്കളുടെ സെൽഫിക്ക് നിന്നുകൊടുക്കുമ്പോഴും പുഞ്ചിരിയോടെ പറയുന്നുണ്ട്, ഇത് അവസാനത്തേതാണെന്ന്. പക്ഷേ, വീണ്ടും അതേപോലെതന്നെ പോസ് ചെയ്തുകൊണ്ടേയിരിക്കും.- പാക് സൈന്യത്തിന്റെ പിടിയിൽനിന്ന് ഇന്ത്യൻ മണ്ണിലേക്ക് തിരികെവന്ന വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദ് വർദ്ധമാനാണ് കഥയിലെ താരം. തിരികെവന്നതിനുശേഷം ജമ്മുകാശ്മീരിലെ സുഹൃത്തുക്കളുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണിപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
സുഹൃത്തുക്കൾ അഭിനന്ദനൊപ്പം ചിരിച്ചുകൊണ്ട് ഫോട്ടോയെടുക്കുകയും രാജ്യത്തിന് ജയാരവം മുഴക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണിവ. എടുക്കുന്ന ചിത്രങ്ങൾ സഹപ്രവർത്തകരുടെ കുടുംബാംഗങ്ങൾക്കുള്ളതാണെന്ന് അഭിനന്ദൻ പറയുന്നതും ദൃശ്യത്തിലുണ്ട്.
ഈ ചിത്രങ്ങൾ എടുക്കുന്നത് നിങ്ങൾക്ക് വേണ്ടിയുള്ളതല്ല. നിങ്ങളുടെ കുടുംബാംഗങ്ങൾക്കുള്ളതാണ്. എനിക്ക് വേണ്ടി പ്രാർത്ഥിച്ചതിനാണത്. എനിക്ക് അവരെ കാണാൻ സാധിച്ചിട്ടില്ല. നിങ്ങളും നിങ്ങളുടെ വീട്ടുകാരുമടക്കം എല്ലാവരും എനിക്കു വേണ്ടി പ്രാർത്ഥിച്ചു’- അഭിനന്ദൻ പറഞ്ഞു.
ഫെബ്രുവരി 26ന് ഇന്ത്യ നടത്തിയ ബാലാകോട്ട് എയർസ്ട്രൈക്കിനിടെയാണ് മിഗ് 21 വിമാനം തകർന്നുവീണ് അഭിനന്ദ് പാക് സൈന്യത്തിന്റെ പിടിയിലായത്. മൂന്ന് ദിവസത്തെ പാക് തടവിൽ നിന്ന് മാർച്ച് ഒന്നിനാണ് അഭിനന്ദൻ മോചിതനായത്.