ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി മുൻപ്രധാനമന്ത്രി മൻമോഹൻസിംഗ്. രാജ്യത്ത് ഭരണം നടത്തിയ ഏറ്റവും അരോചകമായ അഞ്ച് വർഷങ്ങൾ മോദിക്ക് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കുമെന്ന് മൻമോഹൻ പറഞ്ഞു. ഇന്ത്യയിലെ യുവാക്കൾ, കർഷകർ, വ്യാപാരികൾ ജനാധിപത്യസംവിധാനങ്ങൾ എന്നിവർക്കെല്ലാം നാശമുണ്ടാക്കുന്നതായിരുന്നു മോദി ഭരണകാലമെന്നും മൻമോഹൻ പറഞ്ഞു. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് മോദിക്കും ബി.ജെ.പിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മൻമോഹൻ രംഗത്തെത്തിയത്.
നോട്ടു നിരോധനം സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിയാണ്. മോദിയുടെ പാക് നയത്തിൽ യാതൊരു ശ്രദ്ധയുമില്ല. നിരവധി കാര്യങ്ങളിൽ പല തവണ അഭിപ്രായം മാറ്റുന്ന സമീപനമാണ് അദ്ദേഹത്തിന്റേത്. പാകിസ്ഥാനിലേക്കു മോദി പോയതുമുതൽ ചതിയൻമാരായ ഐഎസ്ഐയെ പത്താൻകോട്ടിലെത്തിച്ചതുവരെ അങ്ങനെയാണു സംഭവിച്ചത്. രാജ്യത്തെ സമ്പദ്‍വ്യവസ്ഥയെ ഇക്കാലത്തിനിടയിൽ മോദി ഏറ്റവും മോശമായ അവസ്ഥയിലാണ് എത്തിച്ചത്. ദേശീയതയും ഭീകരവാദത്തെയും ബി.ജെ.പിയും മോദിയും തിരഞ്ഞെടുപ്പ് പ്രചാരണായുധമായി തുടർച്ചയായി പറഞ്ഞുകൊണ്ടിക്കുന്നതിനെയും മൻമോഹൻ വിമർശിച്ചു. ഒരു കള്ളം നൂറു തവണ പറഞ്ഞാൽ അത് സത്യമാകില്ല. അതാണ് ദേശീയതയുടെ കാര്യത്തിൽ മോദി ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജമ്മു കാശ്മീരിൽ മാത്രം ഭീകരാക്രമണങ്ങളില്‍ 176 ശതമാനം വർദ്ധനയാണുണ്ടായത്. മൻമോഹൻ പറഞ്ഞു. 40 സി.ആർ.പി.എഫ് ജവാന്മാർ പുൽവാമയിലെ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ ജിംകോർബെറ്റ് ദേശീയ പാർക്കിൽ പരസ്യ ചിത്രീകരണം നടത്തുകയായിരുന്നു മോദി.
അഞ്ച് വർഷങ്ങൾക്കുമുമ്പ് അച്ഛേ ദിൻ നൽകാമെന്ന് പറഞ്ഞാണ് മോദി അധികാരത്തിലെത്തിയത്. എ്നനാൽ, പിന്നീടങ്ങോട്ട് രാജ്യത്തെ കർഷകർക്കും യുവാക്കൾക്കും വ്യവസായികൾക്കുമെല്ലാം ദുർദിനങ്ങളായിരുന്നു. എന്നാൽ, മോദിയെയും ബി.ജെ.പിയെയും പുറത്താക്കാൻ ജനങ്ങൾ തീരുമാനിച്ചതുകൊണ്ട് ഇനി ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്നും മൻമോഹൻ പറഞ്ഞു.
മൻമോഹൻസിംഗ്
ഇന്ത്യയുടെ 13-ാമത്തെയും 14-ാമത്തെയും പ്രധാനമന്ത്രി
രാജ്യാന്ത്രതലത്തിൽ ശ്രദ്ധേയനായ സാമ്പത്തികശാസ്ത്രജ്ഞൻ
റിസർവ് ബാങ്ക് ഗവർണറായും ഐഎംഎഫ് അംഗമായും ശ്രദ്ധനേടി
ആഗോളവത്കരണത്തിനും ഉദാരവത്കരണത്തിനുമായി ഇന്ത്യയുടെ സാമ്പത്തികമേഖലയെ തുറന്നിട്ടു
1991 ലെ ഇന്ത്യൻ സാമ്പത്തിക പരിഷ്കാരങ്ങളുടെ ആവിഷ്കർത്താവെന്നും അറിയപ്പെടുന്നു