ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജീവ് ഗാന്ധിക്കെതിരെ നടത്തിയ പ്രസ്താവന വിവാദമായ സാഹചര്യത്തിൽ മുമ്പ് അടൽ ബിഹാരി വാജ്പേയി നടത്തിയ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. രാജീവ് ഗാന്ധി ഇല്ലായിരുന്നെങ്കിൽ ഞാൻ ജീവനോടെ ഉണ്ടാകുമായിരുന്നില്ല എന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്.
1985 ൽ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി വാജ്പേയിക്ക് കിഡ്നി അസുഖമുണ്ടെന്നറിഞ്ഞ് ഓഫീസിലേക്ക് വിളിച്ച് വരുത്തി. ആ സമയത്ത് അമേരിക്കയിലേക്ക് പോകാനിരുന്ന യു.എൻ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്താമെന്നും, ഈ അവസരം ഉപയോഗപ്പെടുത്തി അമേരിക്കയിൽ ചികിത്സ തേടണമെന്നും രാജീവ് അറിയിക്കുന്നു. പറഞ്ഞത് പോലെ യു.എൻ പ്രതിനിധി സംഘാംഗമായി അമേരിക്കയിലെത്തിയ വാജ്‌പേയി ചികിത്സ പൂർത്തിയാക്കി മടങ്ങുകയും ചെയ്തിരുന്നു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ വ്യക്തിപരമായ ബന്ധങ്ങളും ബഹുമാനവും നിലനിർത്തണമെന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നു. മോദിയുടെ പരാമർശം വിവാദമായ സാഹചര്യത്തിൽ നിരവധി പേരാണ് പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയത്. ഉലേക് എൻപിയുടെ ദ അൺടോൾഡ് വാജ്‌പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്‌സ് എന്ന പുസ്തകത്തിൽ ഈ സംഭവം വിശദീകരിക്കുന്നുണ്ട്. രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശേഷം മാധ്യമപ്രവർത്തകനായ കരണ്‍ ഥാപ്പറിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം വാജ്പേയ് തുറന്നുപറയുന്നുണ്ട്.