rahul-gandhi

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാവപ്പെട്ടവർക്കായി കോൺഗ്രസ് പ്രധാന വാഗ്ദാനമായി പ്രഖ്യാപിച്ച മിനിമം വരുമാന പദ്ധതി ജനങ്ങളിലേക്കെത്തിയില്ലെന്ന് വിലയിരുത്തൽ. പദ്ധതിയെക്കുറിച്ച് ഗ്രാമീണ ജനവിഭാഗങ്ങളെ അറിയിക്കാൻ പ്രാദേശിക തലത്തിൽ നിന്ന് ശ്രമമുണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ന്യായ് പദ്ധതി ജനങ്ങളിലെത്തിക്കാൻ രംഗത്തിറങ്ങുകയാണ് കോൺഗ്രസ്.

തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടം വോട്ടെടുപ്പ് കൂടി ഇന്ന് കഴിയുന്നതോടെ കുറഞ്ഞ ദിവസത്തിനുള്ളിൽ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ വലിയ ഗുണം ചെയ്യില്ലെന്നാണ് കോൺഗ്രസ് കരുതുന്നത്. ഗ്രാമീണ മേഖലയിൽ പലർക്കും ന്യായ് പദ്ധതിയെന്താണെന്ന് പോലും അറിയില്ലെന്നാണ് കോൺഗ്രസ് നടത്തിയ പഠനത്തിൽ വ്യക്തമാകുന്നത്. നഗരമേഖലകളിൽ ന്യായ് പദ്ധതി കൊണ്ട് പ്രയോജനമില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.

കോൺഗ്രസ് പ്രധാനമായും ലക്ഷ്യമിടുന്ന മീററ്റ്, പശ്ചിമ യു.പി മുതൽ വാരണാസി വരെയുള്ള ഭാഗങ്ങളിൽ ന്യായ് പദ്ധതി എന്താണെന്ന് പലർക്കും അറിയില്ല. പലരും ആദ്യമായിട്ടാണ് പദ്ധതിയെക്കുറിച്ച് കേൾക്കുന്നത്. മുസഫർ നഗറിലും ഇതേ അവസ്ഥയാണ്. മാസം 12000 രൂപ ലഭിക്കുമെന്ന പ്രഖ്യാപനം ഒരിക്കലും നടപ്പാക്കാൻ സാധിക്കില്ലെന്നും പലരും പറയുന്നു. ബി.ജെ.പി 6000 രൂപ കർഷകർക്ക് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ അത് ലഭിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു.

കോണ്‍ഗ്രസ് കോട്ടകളായ റായ്ബറേലിയിലും അമേത്തിയിലും ഇതുവരെ ആരും ന്യായ് പദ്ധതിയെ കുറിച്ച് കേട്ടിട്ടില്ല. അതേസമയം ന്യായ് പദ്ധതിയിൽ കേന്ദ്രീകരിച്ചാണ് കോൺഗ്രസിന്റെ പ്രചാരണം നടക്കുന്നത്.


ന്യായ് പദ്ധതിയെ കുറിച്ച് രാഹുലിന്റെ നേതൃത്വത്തിൽ ഡോർ ടു ഡോർ ക്യാമ്പയിനാണ് രാഹുൽ ലക്ഷ്യമിടുന്നത്. രാഹുൽ തന്റെ കൈപ്പടയിൽ എഴുതിയ കത്തും വോട്ടർമാരിലേക്ക് എത്തിക്കുന്നുണ്ട്. 12000 രൂപയെന്ന കാര്യം പ്രത്യേകം എല്ലാവരിലേക്കും എത്തിക്കണം. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം പറയുന്ന കാര്യമല്ല ഇതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് രാഹുൽ നേരിട്ട് എത്തുന്നത്.

പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ഓഡിയോ സന്ദേശങ്ങൾ വോട്ടർമാരിലേക്ക് എത്തിക്കാനും ശ്രമം നടക്കുന്നു. ഗ്രാമീണ മേഖലയിൽ ന്യായ് പദ്ധതിയെ കുറിച്ച് അവബോധമില്ലാത്തതാണ് കോൺഗ്രസിനുള്ള വെല്ലുവിളി. പക്ഷേ കോൺഗ്രസ് പട്ടികയിലുള്ള പാവപ്പെട്ടവരിൽ 90 ശതമാനവും ഗ്രാമീണ മേഖലകളിലാണ്. ഇവരാണ് കോൺഗ്രസിന്റെ വോട്ടുബാങ്കും.

ന്യായ് പദ്ധതിക്കായി വൻപ്രചാരണങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല എന്നാണ് കോൺഗ്രസിന്റെ ഡാറ്റ അനലിറ്റിക്‌സ് തലവൻ പ്രവീൺ ചക്രവർത്തി പറയുന്നത്. ആവശ്യമുള്ളവരിലേക്ക് മാത്രം പദ്ധതിയെ എത്തിക്കാനാണ് ശ്രമം. ഇത് കൃത്യമായ ലക്ഷ്യമുണ്ടെന്നും ചക്രവർത്തി പറഞ്ഞു. രാഹുലും പ്രിയങ്കയും ചേർന്ന് ന്യായ് യാത്ര എന്നൊരു പദ്ധതിയും തുടങ്ങിയിട്ടുണ്ട്. പദ്ധതിയെ ജനങ്ങളിലേക്ക് എത്തിക്കാനാണ് നീക്കം. ബസ് യാത്രകളും പരസ്യങ്ങളും ഇതിന്റെ ഭാഗമാകും. 150 പ്രവർത്തകർ വീതമുള്ള ഒരു ടീമാണ് ഇതിനെ നയിക്കുക.