ഡെറാഡൂൺ: ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചെന്നാരോപിച്ച് ഏഴംഗ സംഘം മർദ്ധിച്ചവശനാക്കിയ ദളിത് യുവാവ് മരിച്ചു. ഇക്കഴിഞ്ഞ ഏപ്രിൽ 26നായിരുന്നു യുവാവിന് മർദ്ദനമേറ്റത്. തെഹ്രി ഗർഹ്വാൾ സ്വദേശി ജിതേന്ദ്ര ദാസാണ് (21) കൊല്ലപ്പെട്ടത്. അകന്ന ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കുടുംബാംഗങ്ങളോടൊപ്പം എത്തിയതായിരുന്നു ജിതേന്ദ്ര. ഭക്ഷണം കഴിക്കുന്നതിനിടെ തങ്ങൾക്ക് മുന്നിലിരുന്ന് ഭക്ഷണം കഴിച്ചെന്നാരോപിച്ച് ജിതേന്ദ്രയെ മേൽജാതിയിൽപ്പെട്ട ഒരു സംഘമാളുകൾ മർദ്ധിക്കുകയായിരുന്നു. പിന്നീട് കുടുംബാംഗങ്ങളോടൊപ്പം തിരികെ വീട്ടിലെത്തിയെങ്കിലും, പിറ്റേ ദിവസം ബോധരഹിതനായി കിടക്കുന്ന ജിതേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തലയിലും മറ്റ് സ്വകാര്യ ഭാഗങ്ങളിലും ജിതേന്ദ്രയ്ക്ക് പരിക്കേറ്റിരുന്നു. കുറ്റാരോപിതരായ ഗജേന്ദ്ര, ശോഭൻ, കുശൽ, ഗബ്ബാർ, ഗംഭീർ, ഹർബിർ സിംഗ് എന്നിവർക്കെതിരെ ജിതേന്ദ്രയുടെ സഹോദരി പരാതി നൽകിയിട്ടുണ്ട്. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.