മനാമ: റംസാൻ പ്രമാണിച്ച് സൗദി അറേബ്യയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ തടവുകാരെ പൊതുമാപ്പ് നൽകി മോചിപ്പിക്കുന്നു. സൗദിയിൽ പൊതുമാപ്പിന് അർഹരായവരെ ജയിൽ വകുപ്പ്, പൊലീസ്, ഗവർണറേറ്റ്, ജവാസാത്ത് എന്നിവരുടെ നേതൃത്വത്തിൽ കണ്ടെത്തി മോചിപ്പിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു.
തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം തുടങ്ങിയവയല്ലാത്ത ചെറിയ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട തടവുകാരെയാണ് മോചിപ്പിക്കുക. ദേശസുരക്ഷയ്ക്ക് ഭീഷണിയായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കില്ല. പൊതുമാപ്പിന് അർഹരായ വിദേശികളെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുമെന്നും അറിയിപ്പുണ്ട്.
റംസാനോടനുബന്ധിച്ച് 3,005 തടവുകാരെ വിട്ടയക്കാൻ യു എ ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽനഹ്യാൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ദുബായിലെ ജയിലുകളിൽ നിന്ന് 587 തടവുകാരെ വിട്ടയക്കാൻ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഉത്തരവിട്ടു. ഷാർജ ഭരണാധികാരിയും യു എ ഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമി 377 തടവുകാരെയും റാസൽഖൈമ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിന്‍ സ്വഖ്ര് അൽഖാസിമി 306 തടവുകാരെയും വിട്ടയക്കാൻ ഉത്തരവിട്ടു.