ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ശേഷം ബി.ജെ.പിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുക എന്ന ലക്ഷ്യത്തോടൊപ്പം രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി അവരോധിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് കോൺഗ്രസിന്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയായിരുന്നു കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
എന്നാൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവണമെങ്കിൽ പ്രദേശിക പാർട്ടികളുടെ പിന്തുണ അത്യാവശ്യമാണ്. എന്നാൽ തൃണമുൽ നേതാവ് മമത ബാനർജിയും മായാവതിയും അടക്കമുളളവർ പ്രധാനമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നവരാണ്. മാത്രമല്ല തിരഞ്ഞെടുപ്പിന് ശേഷം മതേതര സഖ്യം അധികാരത്തിൽ വരികയാണെങ്കിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകാൻ സാധ്യത കുറവാണെന്ന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാർ പറഞ്ഞിരുന്നു. മായാവതി, മമത ബാനർജി, ചന്ദ്രബാബു നായിഡു എന്നിവർക്ക് സാദ്ധ്യതയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
യു.പിയിലെ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവില്ലെന്ന് സൂചിപ്പിച്ചിരുന്നു. അടുത്ത പ്രധാനമന്ത്രി മഹാഗഡ്ബന്ധനിൽ നിന്നായിരിക്കുമെന്നും ഒരു സ്ത്രീ ആണെങ്കിൽ സമാജ്‌വാദി പാർട്ടി മുഴുവൻ പിന്തുണയും നൽകുമെന്നും വ്യക്തമാക്കിയിരുന്നു. അത് മായാവതിയെ ഉദ്ദേശിച്ചാണെന്നും വ്യക്തമായിരുന്നു. തമിഴ്നാട്ടിലെ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ നേരത്തെ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിരുന്നു. എന്നാൽ അതിന് പിന്തുണ ലഭിച്ചിരുന്നില്ല. മറ്റ് സഖ്യകക്ഷികൾ അതിനെ എതിർക്കുകയും ചെയ്തിരുന്നു.