തിരുവനന്തപുരം:തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റൽ വോട്ടുകളുടെ ശേഖരണത്തിലും വിനിയോഗത്തിലും തിരിമറി നടന്നുവെന്ന് സ്ഥിരീകരിച്ച് ഇന്റലിജൻസ് റിപ്പോർട്ട്. ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ അസോസിയേഷൻ നേതാക്കൾ ശ്രമിച്ചുവെന്ന് സംസ്ഥാന ഇന്റലിജൻസ് മേധാവി ടി.കെ വിനോദ് കുമാർ നൽകിയ റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. പൊലീസ് അസോസിയേഷന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റൽ വോട്ട് സംബന്ധിച്ച് പ്രചരിച്ച സന്ദേശത്തിന് പിന്നിലുള്ളവർക്കെതിരെ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ടെന്നാണ് വിവരം.
തിരഞ്ഞെടുപ്പ് ജോലിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റൽ വോട്ടുകൾ ഇടത് അനുകൂല അസോസിയേഷൻ നേതാക്കൾ സ്വീകരിച്ചു എന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് സംഭവം അന്വേഷിക്കാൻ ഇന്റലിജൻസിന് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകിയത്. പൊലീസ് മേധാവിയുടെ നിർദേശങ്ങൾക്ക് വിരുദ്ധമായി അസോസിയേഷൻ നേതാക്കൾ ബാലറ്റുകൾ സ്വീകരിക്കുന്നതായും അവരുടെ ഇഷ്ടാനുസരണം വോട്ട് ചെയ്യുന്നതായും ആരോപണം നേരത്തെ ഉയർന്നിരുന്നു. 55,000ത്തിൽ അധികം പൊലീസുകാരാണ് തിരഞ്ഞെടുപ്പ് ജോലിയ്ക്ക് ഉണ്ടായിരുന്നത്. ഇവരിൽ 90ശതമാനം പേരും തപാൽ വോട്ടാണ് ചെയ്തത്. ഒന്നിലധികം തപാൽ വോട്ടുകൾ ഒരേ മേൽവിലാസത്തിൽ എത്തി എന്നതും സ്ഥലംമാറ്റമുൾപ്പെടെയുള്ള ഭീഷണികൾ മുഴക്കിയും സമ്മർദ്ദം ചെലുത്തിയുമാണ് തപാൽ വോട്ടുകൾ ശേഖരിച്ചതെന്ന ആരോപണങ്ങളും അന്വേഷണ പരിധിയിലുണ്ട്. ഇന്റലിജൻസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഡി.ജി.പി വിശദീകരണം ഉടൻ തന്നെ നൽകും.ഇതിന് ശേഷം കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാകുമെന്നാണ് വിവരം.
നേതാക്കളുടെ കളി ഇങ്ങനെ
പോസ്‌റ്റൽ ബാലറ്ര് കിട്ടിയ ഉടൻ ജീവനക്കാരുടെ അടുത്ത് സംഘടനാ നേതാക്കൾ പോസ്‌റ്റൽ ബാലറ്ര് ശേഖരിക്കാൻ എത്താറുണ്ട്.ബാലറ്റിൽ വോട്ട് ചെയ്ത ശേഷം ഈ നേതാക്കൾ തന്നെ ബോക്സിൽ നിക്ഷേപിക്കും.ഓരോ വകുപ്പിലെയും എസ്‌റ്റാബ്ലിഷ്‌മെന്റ് സെക്ഷനിൽ നിന്നാണ് ആർക്കൊക്കെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടാവുകയെന്ന് തീരുമാനിക്കുക.മിക്കയിടങ്ങളിലും ഭരണകക്ഷി യൂണിയനുകളിൽപെട്ടവരായിരിക്കും എസ്‌റ്റാബ്ളിഷ്മെന്റ് സീറ്രിലിരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെ സർവീസ് സംഘടനകളും ഇങ്ങനെ പോസ്‌റ്റൽ ബാലറ്ര് ശേഖരിക്കാറുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് അമ്പതോളം പോസ്‌റ്റൽ ബാലറ്ര് കൈവശം വച്ച പത്തനംതിട്ടയിലെ ഒരു ഉദ്യോഗസ്ഥനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വളഞ്ഞു വച്ചിരുന്നു. എന്നാൽ ജീവനക്കാർ അറ്റസ്‌റ്റ് ചെയ്യാൻ തന്ന ബാലറ്റ് പേപ്പറുകളായിരുന്നെന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാദം. ഇയാൾ അന്നത്തെ ഭരണകക്ഷിയുടെ ഗസറ്റഡ് ഓഫീസേഴ്സ് സംഘടനയുടെ ഭാരവാഹിയുമായിരുന്നു.