isis

തിരുവനന്തപുരം: ഇസ്‌ലാമിക ഭീകരസംഘടനയായ ഐസിസിനെ ഇന്ത്യയിൽ ശക്തിപ്പെടുത്താൻ വേണ്ടി പരിശ്രമിച്ചെന്ന് കാട്ടി മൂന്ന് മലയാളികളെക്കൂടി ദേശീയ അന്വേഷണ ഏജൻസി പ്രതി ചേർത്തു. കരുനാഗപ്പള്ളി സ്വദേശിയായ മുഹമ്മദ് ഫൈസൽ കാസർകോട് സ്വദേശികളായ അബൂബക്കർ സിദ്ധീക്, അഹമ്മദ് അറാഫാസ് എന്നിവരെയാണ് ഐസിസ് തീവ്രവാദക്കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. കേരളത്തിൽ നിന്നും സിറിയയിലെത്തി ഐസിസിൽ ചേർന്ന അബ്‌ദുൽ റാഷിദുമായി ഇവർ ഗൂഢാലോചന നടത്തിയതായും കോടതിയിൽ നൽകിയ റിപ്പോർട്ടിൽ എൻ.ഐ.എ ആരോപിക്കുന്നു.

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുടെ സൂത്രധാരൻ സഹ്റാൻ ഹാഷിമുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്ന് പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ എൻ.ഐ.എ അറസ്‌റ്റ് ചെയ്‌തിരുന്നു. കേരളത്തിൽ ആക്രമണം നടത്താൻ ഇയാൾ ഉദ്ദേശിച്ചിരുന്നുവെന്നും എൻ.ഐ.എ കണ്ടെത്തിയിരുന്നു. റിയാസിന്റെ അടുത്ത അനുയായികളും സഹായികളുമാണ് ഇപ്പോൾ പ്രതി ചേർത്തിരിക്കുന്ന മലയാളികൾ. എന്നാൽ ഇപ്പോൾ ഇവർ എവിടെയാണെന്നോ ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കാൻ എൻ.ഐ.എ വൃത്തങ്ങൾ തയ്യാറായിട്ടില്ല.

അതേസമയം, ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ എൻ.ഐ.എ നടത്തിയ റെയ്ഡിന് പിന്നാലെ 65ൽ അധികം മലയാളികൾ നിരീക്ഷണത്തിലാണെന്ന് സൂചന. തമിഴ്നാട്ടിലെ തൗഹീദ് ജമാഅത്തുമായി ബന്ധം പുലർത്തുന്ന മലയാളികളാണ് എൻ.ഐ.എയുടെ നിരീക്ഷത്തിലുള്ളത്. സഹ്രാൻ ഹാഷ്‌മിന്റെ വീഡിയോകൾ റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. മലയാളികൾ അടക്കം പങ്കെടുത്ത തൗഹീദ് ജമാഅത്തിന്റെ മധുരയിലെയും നാമക്കലിലെയും യോഗ വിവരങ്ങൾ എൻ.ഐ.എക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ അറബിയിലും തമിഴിലും മലയാളത്തിലുമുള്ള ഇതിന്റെ വീഡിയോ തെളിവുകൾ എൻ.ഐ.എ സംഘം കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും യുവാക്കളെ ആശയത്തിലേക്ക് അടുപ്പിക്കാൻ പ്രേരിപ്പിക്കുന്ന സഹ്രാൻ ഹാഷ്മിന്റെ വീഡിയോ തെളിവുകളാണ് റെയ്ഡിൽ നിന്ന് പിടിച്ചെടുത്തത്. കോയമ്പത്തൂർ, ചെന്നൈ എന്നിവടങ്ങളിലെ റെയ്ഡിൽ നിന്നാണ് രേഖകൾ പിടിച്ചെടുത്തത്. കുംഭകോണത്ത് മലയാളികളെ അടക്കം ചോദ്യം ചെയ്യുകയാണെന്നും വിവരമുണ്ട്.