ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 51 മണ്ഡലങ്ങളിലാണ് ഇന്ന് ജനങ്ങൾ വിധി എഴുതുന്നത്. ഉത്തർപ്രദേശ്, രാജസ്ഥാൻ, ബംഗാൾ, മധ്യപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ജമ്മുകശ്മീർ എന്നീ സംസ്ഥാനങ്ങളിൽ 8.75 കോടി വോട്ടർമാരാണ് ഇന്ന് 674 സ്ഥാനാർത്ഥികളുടെ വിധി എഴുതുന്നത്. ബി.ജെ.പിക്ക് അധികാരത്തിലെത്താൻ വലിയ സഹായമായ ഈ സീറ്റുകളിൽ ശക്തമായ തിരിച്ചുവരവിനാണ് കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ശ്രമിക്കുന്നത്.
അഞ്ചാം ഘട്ട വോട്ടെടുപ്പോടെ 543അംഗ ലോക്‌സഭയിലെ 414 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പൂർത്തിയാവുന്നത്. യു.പി.എ. അദ്ധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി, രാജീവ് പ്രതാപ് റൂഡി, ജയന്ത് സിൻഹ, രാജ്യവർദ്ധൻ സിംഗ് റാത്തോഡ്, അർജുൻ റാം, മേഘ്‌വാൾ തുടങ്ങിയവരാണ് അഞ്ചാം ഘട്ടത്തിൽ ജനവിധിതേടുന്ന പ്രമുഖർ. രാഹുൽ ഗാന്ധിയും സ്മൃതി ഇറാനിയും പോരാട്ടത്തിനിറങ്ങുന്ന അമേത്തി തന്നെയാണ് ഈ ഘട്ടത്തിലെ ശ്രദ്ധാകേന്ദ്രം.
വോട്ടെടുപ്പിനെ തുടർന്ന് നിരവധി ബൂത്തുകളിൽ ആക്രമങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. തൃണമൂൽ പ്രവർത്തകർ മർദിച്ചെന്നാരോപിച്ച് ബാരക് പുരിയിലെ ബി.ജെ.പി സ്ഥാനാർത്ഥി രംഗത്തെത്തിയിരുന്നു. വോട്ടിംഗ് യന്ത്രത്തിന്റെ തകരാറുമൂലം ബംഗാളിലെ ഹൗറ മണ്ഡലത്തിലെ മൂന്ന് ബൂത്തുകളിൽ വോട്ടെടുപ്പ് ആരംഭിച്ചില്ല.
ഏഴ് ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷം മേയ് 23-നാണ് വോട്ടെണ്ണൽ നടക്കുന്നത്. ഉത്തർപ്രദേശാണ് വോട്ടെടുപ്പ് ബാക്കിയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. 41മണ്ഡലങ്ങളാണ് ഇവിടെ ബാക്കിയുള്ളത്. ബംഗാളിൽ 17, മധ്യപ്രദേശ് 16, ബിഹാർ 16, പഞ്ചാബ്13 ഉം മണ്ഡലങ്ങളാണ് ബാക്കിയുള്ളത്. തമിഴ്‌നാട്ടിലെ വെല്ലൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് നേരത്തേ തന്നെ കമ്മിഷൻ മാറ്റിവെച്ചിരുന്നു.