കാസർകോഡ്: രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദാരുണമായി കൊല്ലപ്പെട്ടതിന് പിന്നാലെ കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. കല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും സുഹൃത്ത് ദീപു കൃഷ്‌ണന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം.
സംഭവം നടക്കുമ്പോൾ ദീപുവും കുടുംബവും വീട്ടിലുണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കില്ല. സംഭവത്തിൽ കേസെടുത്ത ബേക്കൽ പൊലീസ് അന്വേഷണം തുടങ്ങി. ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. അക്രമത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് കൂടുതൽ പൊലീസ് സുരക്ഷ ഏർപ്പാടാക്കി.
അർദ്ധരാത്രിയിൽ ബോംബെറിഞ്ഞ് ഭീതി പരത്തി
കുറ്റ്യാടി: അരൂർ നടേമ്മൽ മലയാടപ്പൊയിൽ റോഡിൽ തൈക്കണ്ടി മുക്കിൽ അർദ്ധരാത്രി റോഡിൽ ബോംബെറിഞ്ഞ് ഭീതി പരത്തി. രണ്ട് പൈപ്പ് ബോംബുകൾ ഉഗ്ര സ്‌ഫോടനത്തോടെയാണ് പൊട്ടിത്തെറിച്ചത്. പാലോള്ളപറമ്പത്ത് കുമാരൻ,കാരക്കണ്ടി അജിത് പ്രസാദ് എന്നിവരുടേതുൾപ്പെടെ പരിസരത്തെ ചില വീടുകളിലേക്ക് ബോംബിന്റെ അവശിഷ്ടങ്ങൾ പതിച്ചു. കുമാരന്റെ വീടിന്റെ മതിലിന് കേടുപാടുണ്ട്.റോഡിലും ബോംബ് പതിച്ചസ്ഥലം വ്യക്തമായി കാണാനുണ്ട്. ഏറെ ദൂരം സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. നാദാപുരത്ത് നിന്ന് പോലീസെത്തി അവശിഷ്ടങ്ങൾ ശേഖരിച്ചു.ബോംബ് സ്‌ക്വാഡ് തെരച്ചിൽ നടത്തി.
ബി ജെ പി സംസ്ഥാന സമിതി അംഗം എം പി രാജൻ, ഡി സി സി മെമ്പർ കെ സജീവൻ,സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പർ രജീന്ദ്രൻ കപ്പള്ളി ,സി പി എം ലോക്കൽ കമ്മറ്റി സെക്രട്ടരി കെ പി ബാലൻ,ഏരിയാ കമ്മറ്റി അംഗം പി കെ രവീന്ദ്രൻ എന്നിവർ സ്ഥലം സന്ദർശിച്ചു. സംഘർഷങ്ങളില്ലാത്ത ഈ പ്രദേശത്ത്ബോംബ് എത്തിയതിനെ കുറിച്ച് അന്വേഷണം വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.