തിരുവനന്തപുരം: കേരളത്തിലൂടെ കടന്ന് പോകുന്ന ദേശീയപാത നാല് വരിയായി വികസിപ്പിക്കുന്നതിനെ എതിർത്ത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള കേന്ദ്രഗതാഗത മന്ത്രാലയത്തിന് എഴുതിയ കത്ത് പുറത്തായത് സംസ്ഥാനത്തിന് പുതിയ വിവാദത്തിന് കാരണമായി. ദേശീയപാത വികസനം കേന്ദ്രസർക്കാർ അട്ടിമറിച്ചുവെന്ന സംസ്ഥാന സർക്കാരിന്റെ ആരോപണങ്ങൾക്കിടെയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത് ശ്രീധരൻപിള്ളയാണെന്ന് വ്യക്തമാക്കുന്ന കത്ത് മന്ത്രി തോമസ് ഐസക് പുറത്തുവിട്ടത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷപദം കേരളത്തിന്റെ വികസനം അട്ടിമറിക്കാനുള്ള സുവർണ അവസരമായി കണ്ട പിള്ളയെ നാടിന്റെ പൊതുസ്വത്തായി പ്രഖ്യാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വിവാദം ഇങ്ങനെ
ദേശീയപാത വികസനത്തിന് കാസർകോട് ജില്ലയിലൊഴികെ സ്ഥലമെടുപ്പ് അടക്കമുള്ള പ്രവൃത്തികൾ നിറുത്തണമെന്നാണ് കേന്ദ്രസർക്കാരിന്റെ അറിയിപ്പ്. കാസർകോട് തലപ്പാടി മുതൽ കഴക്കൂട്ടം വരെ 629 കിലോമീറ്രറിലാണ് പാത വികസനം. എൻ.എച്ച് 17, എൻ.എച്ച് 47 എന്നിവയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി നാലുവരി പാതയായി എൻ.എച്ച് 66 നിർമിക്കാനുള്ള പദ്ധതിയാണ് കേന്ദ്ര തീരുമാനത്തോടെ അവതാളത്തിലാവുന്നത്. രണ്ടാം മുൻഗണനാ പട്ടികയിലേക്കാണ് കാസർകോട് ഒഴികെയുള്ള ജില്ലകളിലെ പ്രവൃത്തികൾ മാറ്റിയിട്ടുള്ളത്. മേയ് ഒന്നിന് ചേർന്ന നാഷണൽ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യയുടെയും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെയും ഉന്നതതല യോഗമാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥലമെടുപ്പ് നിറുത്തിവയ്ക്കാൻ തീരുമാനമെടുത്തത്. കർണാടകത്തിലെ പദ്ധതികളും ഇത്തരത്തിൽ മാറ്റിയിട്ടുണ്ട്. എൻ.എച്ച്.എ.ഐയുടെ തിരുവനന്തപുരം റീജിയണൽ ഓഫീസിലാണ് ഇത് സംബന്ധിച്ച ഉത്തരവ് ലഭിച്ചത്. കാസർകോട് ജില്ലയിലെ തലപ്പാടി-ചെങ്ങള, ചെങ്ങള-നീലേശ്വരം പദ്ധതികൾ മാത്രമാണ് ഇപ്പോൾ ആദ്യമുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. കേന്ദ്രത്തിൽ നിന്ന് 1600 കോടിയാണ് ഇതിന് അനുവദിച്ചിട്ടുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ 80 ശതമാനം സ്ഥലമെടുപ്പും പൂർത്തിയായിട്ടുണ്ട്.നഷ്ടപരിഹാരത്തുക നൽകാനുള്ള നടപടികളും തുടങ്ങി. തെക്കൻ ജില്ലകളിലും സ്ഥലമെടുപ്പിന് നോട്ടിഫിക്കേഷൻ നടന്നുകഴിഞ്ഞതാണ്.
നാടിന്റെ പൊതുശത്രുവായി പ്രഖ്യാപിക്കണം
നാടിന്റെ വികസനത്തെ പിൻവാതിലിലൂടെ തകർത്ത പിള്ളയെ പൊതുശത്രുവായി പ്രഖ്യാപിക്കണമെന്നാണ് തോമസ് ഐസകിന്റെ ആരോപണം. ഈ സർക്കാരിന്റെ കാലത്ത് ദേശീയപാതാ വികസനം നടക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ദേശീയപാതാ വികസന അതോറിറ്റി. കേരളത്തോടുള്ള മോദി സർക്കാരിന്റെ പകപോക്കലാണ് ഇതുവഴി വ്യക്തമാകുന്നത്. അതിനൊരു ചട്ടുകമായി നിന്നുകൊടുക്കുന്നത് ബി.ജെ.പിയുടെ സംസ്ഥാനാദ്ധ്യക്ഷനും. എങ്ങനെയും ഈ നാടിനെ നശിപ്പിക്കാനും പിന്നോട്ടടിക്കാനുമാണ് അവർ അഹോരാത്രം പരിശ്രമിക്കുന്നത് എന്നതിന് മറ്റൊരു തെളിവു കൂടി പുറത്ത് വന്നിരിക്കുകയാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി.ജെ.പിയിലും പൊട്ടിത്തെറി
അതേസമയം, ശ്രീധരൻപിള്ള കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് അയച്ചുവെന്ന പേരിൽ തോമസ് ഐസക് പുറത്തുവിട്ട കത്തിന് പിന്നാലെ ബി.ജെ.പിയിലും പൊട്ടിത്തെറിയുണ്ടായതായി സൂചന. ശ്രീധരൻപിള്ളയുടെ കത്ത് എങ്ങനെ പുറത്ത് വന്നുവെന്നതിനെ സംബന്ധിച്ചാണ് വിവാദം കനക്കുന്നത്. കേന്ദ്രസർക്കാരിന്റെ നേട്ടമായി ഉയർത്തിക്കാട്ടാൻ കഴിയുമായിരുന്ന ദേശീയപാതാ വികസനത്തിന് തടസം നിന്നത് ശരിയായില്ലെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്. സംസ്ഥാന അദ്ധ്യക്ഷന്റേത് അപക്വമായ നടപടിയാണെന്നും ചില നേതാക്കൾ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ ശ്രീധരൻപിള്ളയോ ബി.ജെ.പി നേതാക്കളോ തയ്യാറായിട്ടില്ല.