തൃശൂർ: ആനപ്രേമികൾക്ക് പ്രിയങ്കരനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കണമെന്ന ആവശ്യത്തിൽ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി ബി.ജെ.പി. തൃശൂരിൽ ഇന്ന് മുതൽ ആരംഭിക്കുന്ന സത്യാഗ്രഹ സമരം പി.സി.ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് തുടരുന്ന പശ്ചാത്തലത്തിലാണ് പ്രക്ഷോഭപരിപാടികളിലേക്ക് നീങ്ങുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ആളെ കൊന്ന ആനയെ എഴുന്നെള്ളിക്കാൻ കഴിയില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. വിലക്കു നീക്കാൻ തൃശൂർ എം.എൽ.എ കൂടിയായ മന്ത്രി വി.എസ്. സുനിൽകുമാർ വനം മന്ത്രിയ്ക്കും ഉദ്യോഗസ്ഥർക്കുമേലും സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ, മന്ത്രിയുടെ അഭ്യർത്ഥനയ്ക്ക് ഉദ്യോഗസ്ഥർ വഴങ്ങിയില്ല. ഇത് സംബന്ധിച്ച് ചർച്ചകൾ വിവിധ തലങ്ങളിൽ തുടരവേയാണ് ബി.ജെ.പി പരസ്യ പ്രതിഷേധ സമരവുമായി രംഗത്തെത്തിയത്.
പൂരത്തിന്റെ തലേ ദിവസം തെക്കേ ഗോപുരം തുറക്കുന്ന ചടങ്ങ് ജനകീയമാക്കിയത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ സാന്നിധ്യമാണ്. ഇക്കുറിയും പൂരത്തിന് രാമചന്ദ്രൻ വേണമെന്നും അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് നിവേദനങ്ങളുമായി ആനപ്രേമികളുടെ സംഘടനകൾ സർക്കാർ ഓഫീസുകളെ സമീപിച്ചിരുന്നു. എന്നാൽ, തൃശൂർ കളക്ടർ ടി.വി അനുപമയുടെ അദ്ധ്യക്ഷതയിൽ ചേർന്ന നാട്ടാന നിരീക്ഷണസമിതിയോഗമാണ് വിലക്ക് തുടരാൻ തീരുമാനമെടുത്തത്. വിലക്ക് മറികടക്കാൻ സർക്കാർ തലത്തിൽ ശ്രമം തുടരുന്നുണ്ട്.