കൊച്ചി: ഭാര്യയെയും, മകനെയും, ഭാര്യാ മാതാവിനെയും ഡീസലൊഴിച്ച് തീ കൊളുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പട്ടിമറ്റം സജിയെയാണ് (39) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോലഞ്ചേരി പട്ടിമറ്റം ചെങ്ങര പീച്ചേരി പറമ്പിൽ ബിന്ദു (29), മകൻ ശ്രീഹരി, ബിന്ദുവിന്റെ മാതാവ് ആനന്ദവല്ലി (54) എന്നിവരാണ് പൊള്ളലേറ്റ് മരണമടഞ്ഞത്. മദ്യലഹരിയിലാണ് സിജി കടുംകൈ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊച്ചി സർവകലാശാല ക്യാമ്പസിനു സമീപം പോട്ടച്ചാൽ നഗർ റോഡിലുള്ള വാടക വീട്ടിൽ ഞായറാഴ്ച പുലർച്ചെ രണ്ട് മണിക്കായിരുന്നു സംഭവം. മദ്യപിച്ച് ലക്കുകെട്ട സജി വീട്ടിൽ സൂക്ഷിച്ചിരുന്ന ഡീസലുമായി എത്തി നിലത്തു പായയിൽ കിടന്നുറങ്ങുകയായിരുന്ന മൂന്ന് പേരുടെയും ശരീരത്തിലേക്കൊഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടർന്ന് വീടിന് പുറത്തുള്ള കുളിമുറിയിൽ സജി തൂങ്ങി മരിക്കുകയായിരുന്നു.
ദേഹമാസകലം തീ പടർന്ന് പൊള്ളലേറ്ര് മരണവെപ്രാളത്തിൽ ആനന്ദവല്ലി വീടിന് പുറത്തേക്കോടി. ശബ്ദം കേട്ട് ഓടിക്കൂടിയ അയൽക്കാരോട് സജിയാണ് തീ കൊളുത്തിയതെന്ന് ആനന്ദവല്ലി പറഞ്ഞു. തുടർന്ന് വീടിനുള്ളിൽ കയറി നോക്കിയ അയൽക്കാർക്ക് ബിന്ദുവിന്റെയും മകന്റെയും കത്തിക്കരിഞ്ഞ ശരീരങ്ങളാണ് കാണാൻ സാധിച്ചത്. നാട്ടുകാരും പൊലീസും ചേർന്ന് ആനന്ദവല്ലിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തീ കൊളുത്തിയ സമയത്ത് ഉറക്കത്തിലായിരുന്നതിനാൽ ബിന്ദുവിന് എഴുന്നേൽക്കാൻ സാധിച്ചിരുന്നില്ല. വൈകി ഉറങ്ങാൻ കിടന്നതിലാണ് തീപടർന്നപ്പോൾ ആനന്ദവല്ലിക്ക് പുറത്തേക്കിറങ്ങി ഓടാൻ സാധിച്ചത്.
സജിയും ബിന്ദുവും പതിവായി കലഹിച്ചിരുന്നുവെന്നും വീട്ടിൽ സൂക്ഷിച്ചിരുന്ന ഡീസലൊഴിച്ചാണ് മൂന്ന് പേരെയും സിജി തീ കൊളുത്തിയതെന്നും ആനന്ദവല്ലി പൊലീസിന് മൊഴി നൽകി. ഏറെ വൈകിയും ആനന്ദവല്ലി തുണി അലക്കുന്നത് കണ്ടതായി അയൽവാസികൾ പൊലീസിനോട് പറഞ്ഞു. ഈ സമയം സിജി പുറത്തിരുന്ന് മദ്യപിക്കുകയായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് സജിയും കുടുംബവും ഇവിടെ താമസത്തിനെത്തിയത്.
അതേസമയം, മരിച്ച ഒന്നരവയസുകാരൻ ശ്രീഹരി സിജിയുടെ മകനല്ലെന്നാണ് വിവരം. സജി എപ്പോഴാണ് ബിന്ദുവിനും കുടുംബത്തിനുമൊപ്പം കൂടിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. വാടയ്ക്ക് താമസിച്ചിരുന്ന ഇവർ അയൽക്കാരോട് കൂടുതൽ അടുക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. ഹോട്ടലുകളിൽ ജോലി ചെയ്താണ് സജി കുടുംബം പുലർത്തിയിരുന്നത്.
വീട് പരിശോധിച്ചപ്പോൾ കിട്ടിയ ഡയറിയിൽ നിന്ന് ലഭിച്ച ഫോൺ നമ്പരിനെ പിന്തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് സജിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. നാട്ടിൽ സജിക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ടെന്നും നാല് വർഷം മുൻപാണ് ഇയാൾ വീടുവിട്ടിറങ്ങിയതെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. സജിയെ കാണാനില്ലെന്ന് കാണിച്ച് ഭാര്യയും ബന്ധുക്കളും നേരത്തേ പരാതി നൽകിയിരുന്നെന്നും ഇവർ വ്യക്തമാക്കി.
ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. കളമശേരി സി.ഐ എ പ്രസാദ്, എസ്.ഐ പി.ജി.മധു എന്നിവരുടെ നേതൃതത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി സജിയുടെ മൃതദേഹം വാരനാട്ടേക്ക് കൊണ്ടു പോയി. അതേസമയം, ബിന്ദുവിന്റെയും ശ്രീഹരിയുടേയും ആനന്ദവല്ലിയുടേയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ തയ്യാാറാകാത്തതിനെ തുടർന്ന് കളമശേരി പൊതു ശ്‌മശാനത്തിലാണ് സംസ്‌കരിച്ചത്.