ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ പരക്കെ ആക്രണം. ബംഗാളിൽ സംഘർഷവും കാശ്മീരിൽ വോട്ടിംഗിനിടെ ഗ്രനേഡ് ആക്രമണവുമുണ്ടായി. ബാരക്പുരിൽ പോളിംഗ് ബൂത്തിനുനേരെയാണ് ബോംബേറുണ്ടായത്. സംഘർഷത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി അർജുൻ സിംഗിന് പരിക്കേറ്റു. അക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്ന് ബി.ജെ.പി ആരോപിച്ചു.
എന്നാൽ, തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന അർജുൻ സിംഗ് സ്ത്രീകളോട് മോശമായി പെരുമാറിയെന്നാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്. ജമ്മുകാശ്‌മീരിലെ പുൽവാമയിലുള്ള ഒരു പോളിംഗ് ബൂത്തിൽ ഗ്രനേഡ് ആക്രമണമുണ്ടായി. ആർക്കും കാര്യമായ പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
51 മണ്ഡലങ്ങളിലാണ് ഇന്ന് വിധി എഴുതുന്നത്. യു.പി.എ. അദ്ധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി, രാജീവ് പ്രതാപ് റൂഡി, ജയന്ത് സിൻഹ, രാജ്യവർധൻ സിംഗ് റാത്തോഡ്, അർജുൻ റാം മേഘ്‌വാൾ തുടങ്ങിയവരാണ് വിധി തേടുന്ന പ്രമുഖർ. ഉത്തർപ്രദേശ് (14), രാജസ്ഥാൻ (12), ബംഗാൾ (7), മദ്ധ്യപ്രദേശ് (7), ബിഹാർ (5), ജാർഖണ്ഡ് (4), ജമ്മുകാശ്മീർ (2) എന്നീ സംസ്ഥാനങ്ങളിലായാണിത്. അഞ്ചാം ഘട്ടത്തോടെ 543 അംഗ ലോക്‌സഭയിലെ 414 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയാവും.