ഇടുക്കി: വീട്ടിൽ ഫണ്ട് പിരിക്കാൻ എത്തിയ ഏരിയകമ്മിറ്റി അംഗം, പാർട്ടി പ്രവർത്തകന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ അന്വേഷണ കമ്മിഷനെ നിയോഗിച്ച് സി.പി.എം. മൂന്നംഗം അന്വേഷണ കമ്മിഷനെെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. അന്വേഷണത്തിൽ കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ഹൈറേഞ്ചിലെ ഏരിയാ കമ്മിറ്റി അംഗം കൂടിയായ നേതാവിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് സൂചന.
സംഭവം ഇങ്ങനെ-
ഫെബ്രുവരി 25ന് പാർട്ടി ഫണ്ട് പിരിക്കാൻ പ്രവർത്തകന്റെ വീട്ടിലെത്തിയ നേതാവിനോടും സംഘത്തോടും പിന്നീട് പണം നൽകാമെന്ന് ഗൃഹനാഥൻ പറഞ്ഞു. ഇതിനെ തുടർന്ന് മൂന്ന് ദിവസത്തിന് ശേഷം നേതാവ് ഒറ്റയ്‌ക്ക് വീട്ടിലെത്തി. ആ സമയം ഗൃഹനാഥൻ സ്ഥലത്തുണ്ടായിരുന്നില്ല. തുടർന്ന് കുടിക്കാൻ വെള്ളം വേണമെന്നാവശ്യപ്പെട്ട ശേഷം വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഏരിയാ കമ്മിറ്റിക്കും ജില്ലാ നേതൃത്വത്തിനും ഇതുസംബന്ധിച്ച് ഗൃഹനാഥൻ പരാതി നൽകുകയായിരുന്നു.
സംഭവം പാർട്ടിക്കുള്ളിൽ വൻ വിവാദമായിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മൂടിവയ്‌ക്കാനുള്ള ശ്രമം നടന്നു. ഒടുവിൽ തിരഞ്ഞെടുപ്പിന് ശേഷം നേതാവിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉന്നത നേതാക്കൾ ഗൃഹനാഥന് ഉറപ്പു നൽകുകയായിരുന്നു. അന്വേഷണം അന്തിമഘട്ടത്തിലാണെന്നാണ് സൂചന. നേരത്തെയും മറ്റുചില കാര്യങ്ങളുമായി ബന്ധപ്പെട്ട് നേതാവിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു.