accident

തിരുവനന്തപുരം: കന്യാകുമാരിയിലെ കോതയാറിലേക്ക് അവധി ആഘോഷിക്കാൻ പോയ യുവാക്കളുടെ മരണത്തിന്റെ ഞെട്ടലിലാണ് നാട്. വെള്ളറടയിലെ കുരിശുമലയിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് ഞായറാഴ്ച രാവിലെ അരുൺ മോഹനും വിഷ്ണുവും ശന്തനുവും ബൈക്കിലും സ്കൂട്ടറിലുമായി യാത്ര തിരിച്ചത്. എന്നാൽ പാതിവഴിക്ക് വച്ച് അവർ റൂട്ട് മാറ്റി കോതയാറിലേക്ക് പോകാൻ തീരുമാനിച്ചതെന്നാണ് അറിയുന്നത്.

കന്യാകുമാരി ജില്ലയിലെ വനമേഖലയിൽ സ്ഥിതി ചെയ്യുന്ന കോതയാർ പേരുകേട്ട വിനോദസഞ്ചാര കേന്ദ്രമാണ്. മാർത്താണ്ഡത്ത് നിന്ന് പേച്ചിപ്പാറ വഴി 20 കിലോമീറ്റർ സഞ്ചരിച്ചാൽ കോതയാറിലെത്താം. കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും നിരവധി വിനോദസഞ്ചാരികൾ അവധിക്കാലം ആഘോഷിക്കാനായി ഇവിടെ എത്താറുണ്ട്. കാഴ്ചകൾ കണ്ട ശേഷം ഉച്ചയ്ക്ക് 3.30ഓടെയാണ് മൂവരും ലോവർ കോതയാറിലെ കുളിക്കടവിലെത്തിയത്. സാധാരണയായി ഇവിടെയെത്തുന്നവർ‌ക്ക് കുളിക്കാനായി രണ്ട് കുളിക്കടവുകളുണ്ട്. ഇത് കൂടാതെ അധികമാരും പോകാത്ത ഒരു കുളിക്കടവ് കൂടിയുണ്ട്. അവിടെയാണ് മൂവരും കുളിക്കാൻ ഇറങ്ങിയത്.

പാറക്കൂട്ടത്തിന് നടുവിലുള്ള വെള്ളക്കെട്ടിൽ നീന്തലറിയാവുന്ന വിഷ്‌ണുവാണ് ആദ്യം ഇറങ്ങിയത്. വിഷ്ണുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശന്തനുവും അരുണും അപകടത്തിൽപ്പെടുകയായിരുന്നു. അപകടം നടന്നതിന് മുകളിലും താഴെയുമായാണ് മറ്റ് രണ്ട് കുളിക്കടവുകൾ. കടവിൽ വെള്ളം ഇളകുന്നത് കണ്ട നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൂവരെയും മുങ്ങിത്താണ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. കുലശേഖരം പൊലീസെത്തിയാണ് മൃതദേഹങ്ങൾ കരയ്ക്കെടുത്ത് നാഗർകോവിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

കാർഷിക കോളേജിൽ നാലാം വർഷ ഇന്റഗ്രേറ്റഡ് ബയോടെക്നോളജി വിദ്യാർത്ഥിയായ വിഷ്‌ണു പഠിക്കാൻ മിടുക്കനാണ്. ഇടത്തരം സാമ്പത്തിക സ്ഥിതിയാണ് വിഷ്‌ണുവിന്റെ കുടുംബത്തിന്റേത്. ഗൾഫിലായിരുന്ന വിഷ്‌ണുവിന്റെ അച്ഛൻ ആറ് വർ‌ഷം മുമ്പാണ് നാട്ടിൽ മടങ്ങിയെത്തിയത്. പഠനം കഴിഞ്ഞു നല്ലൊരു ജോലി വാങ്ങുമെന്നും അമ്മയെയും അച്ഛനെയും നന്നായി നോക്കണമെന്നും വിഷ്ണു എപ്പോഴും പറയുമായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

വണ്ടിത്തടം പൊറ്റവിള വീട്ടിൽ മോഹനന്റെയും രജനിയുടെയും മകനായ അരുൺ മോഹന്റെ മരണത്തോടെ നഷ്ടമായത് ഒരു കുടുംബത്തിന്റെ വലിയ പ്രതീക്ഷയാണ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട അരുണിന്റെ അച്ഛൻ മോഹനൻ കൂലിവേല ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്.അമ്മ രജനി തൊഴിലുറപ്പ് തൊഴിലാളിയാണ്. സഹോദരി ആതിര മോഹൻ വിവാഹിതയാണ്. രാത്രി വൈകിയും അരുണിന്റെ മരണവാർത്ത മാതാപിതാക്കളെയും സഹോദരിയെയും അറിയിച്ചിട്ടില്ല. ചെറിയ അപകടമാണുണ്ടായതെന്നും ഇന്ന് രാവിലെ പ്രാഥമിക ചികിത്സ കഴിഞ്ഞ് അരുൺ വീട്ടിലെത്തുമെന്നുമാണ് അവരോട് പറഞ്ഞിരിക്കുന്നത്. മോഹനന് പല അസുഖങ്ങളുളളതിനാൽ പലപ്പോഴും ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയുണ്ട്. രജനിയും രോഗബാധിതയാണ്. ഹോളോബ്രിക്സ് കൊണ്ട് നിർമ്മിച്ച വീട്ടിൽ ഷീറ്റ് മേഞ്ഞാണ് കുടുംബം താമസിക്കുന്നത്. അടുത്തിടെ പാപ്പാഞ്ചാണി വാർഡ് അംഗം ജയന്റെ ഇടപെടലിലൂടെ ഒന്നരലക്ഷം രൂപയുടെ സഹായത്താലാണ് വീട് നിർമ്മിച്ചത്.

കൊല്ലം കിഴക്കേകല്ലട ഗോപികാ വിലാസത്തിൽ റിട്ടയേർഡ് ആർ.പി.എഫ് എസ്.ഐ സുഭാഷിന്റേയും ഷീജയുടേയും മകനായ ശന്തനു കാൻസർ രോഗബാധിതനായിരുന്നു. ചികിത്സയ്ക്കുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് ഛത്തീസ്ഗഡിലെ കാർഷിക കോളേജിൽ നിന്ന് വെള്ളായണി കാർഷിക കോളേജിലേക്ക് മാറ്റം വാങ്ങി പഠനം തുടർന്നത്. അടുത്തിടെ കാൻസർ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നു. അപ്പോഴെല്ലാം ശന്തനുവിന് ആശുപത്രിയിലും മറ്റും കൂട്ടിന് നിന്നത് അരുണും വിഷ്‌ണുവുമായിരുന്നു. എന്നാൽ അടുത്തിടെ നടന്ന പരിശോധനയിൽ ശന്തനു രോഗവിമുക്തനായെന്ന് കണ്ടെത്തി. ഇതോടെ കോളേജും സുഹൃത്തുക്കളുമെല്ലാം ആഹ്ലാദത്തിലായി. രോഗവിമുക്തനായ ശന്തനുവിനെയും കൊണ്ടുള്ള ആദ്യ യാത്ര മരണത്തിലെത്തുകയും ചെയ്‌തു. പഠിക്കാൻ മിടുക്കനായിരുന്നു ശന്തനുവെന്ന് കോളേജിലെ അദ്ധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. ഒരു വർഷമായി കരിയം കല്ലുവിള റോഡിലെ വിവേക് വില്ലയിൽ വാടകയ്ക്ക് താമസിച്ച് വരികയാണ്. ഇന്നലെ ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്.