ന്യൂഡൽഹി: അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ നിരവധി അനിഷ്ട സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അഞ്ചാം ഘട്ട വോട്ടെടുപ്പിലെ ശ്രദ്ധാ കേന്ദ്രമായ അമേത്തിയിൽ വോട്ടുപിടുത്തമാണ് നടക്കുന്നതെന്ന് ബി.ജെ.പി സ്ഥാനാർത്ഥിയും കേന്ദ്രമന്തിയുമായ സ്മൃതി ഇറാനി ആരോപിച്ചു. അമേത്തിയിൽ വോട്ടർമാരെ ബലം പ്രയോഗിച്ചാണ് വോട്ട് ചെയ്യിപ്പിക്കുന്നു. രാഹുലിന്റെ അറിവോടെയാണ് വോട്ടു പിടുത്തം നടക്കുന്നതെന്നും സ്മൃതി ഇറാനി ആഞ്ഞടിച്ചു.
അമേത്തിയിലെ ബൂത്തുകൾ കോൺഗ്രസ് പിടിച്ചടക്കിയെന്നും, ബൂത്തുകളിൽ വോട്ടുപിടുത്തമാണ് നടക്കുന്നതെന്നും കേന്ദ്രമന്ത്രിയും അമേത്തിയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി പറഞ്ഞു. ഇത് സംബന്ധിച്ച് ജനങ്ങൾ കാര്യങ്ങൾ വ്യക്തമാക്കുന്ന വീഡിയോയും പുറത്തു വിട്ടു. താമരയിൽ വോട്ട് ചെയ്യാനാണ് താൻ ആഗ്രഹിച്ചതെന്നും എന്നാൽ പ്രിസൈഡിംഗ് ഓഫീസർ കോൺഗ്രസിന് വോട്ട് ചെയ്യാൻ നിർബന്ധിക്കുകയായിരുന്നെന്നും ഒരു വൃദ്ധ പറയുന്ന വീഡിയോ ഉൾപ്പെടെ വോട്ടർമാർ പരാതി പറയുന്ന വീഡിയോയും ബി.ജെ.പി ട്വിറ്ററിലൂടെ പുറത്തുവിട്ടു.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ കശ്മീരിലും പശ്ചിമ ബംഗാളിലും അക്രമം. ജമ്മുകശ്മീരിലെ പുൽവാമയിലുള്ള ഒരു പോളിംഗ് ബൂത്തിൽ ഗ്രനേഡ് ആക്രമണമുണ്ടായി. ആർക്കും കാര്യമായ പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ബംഗാളിലെ ബാരക്പുരില്‍ ബി.ജെ.പി സ്ഥാനാർത്ഥിക്ക് നേരെ ആക്രമണമുണ്ടായി. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച് ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തി.എന്നാൽ ബി.ജെ.പി സ്ഥാനാർത്ഥി സ്ത്രീകളോട് മോശമായാണ് പെരുമാറിയതെന്നായിരുന്നു തൃണമൂൽ പ്രവർത്തകരുടെ ആരോപണം.