തിരുവനന്തപുരം: ടീക്കാറാം മീണ ഐ.എ.എസ്, മലയാളിക്ക് അന്യമായിരുന്നില്ലെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട്, സംസ്ഥാനത്തിന്റെ ചീഫ് ഇലക്ഷൻ ഓഫീസറായി നിയമിതനായതിനു ശേഷമാണ് കേരളം ഈ പേര് കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. കൊടിയുടെ നിറമോ രാഷ്‌ട്രീയ മേലാളന്മാരുടെ മുഖമോ നോക്കാതെ തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്ന സമയം മുതൽ തന്റെ ശക്തമായ നിലപാടുകളിൽ നിലയുറപ്പിച്ചു നിന്ന മീണയെ കേരളം കണ്ടു.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ക്യാബിനിൽ സൗകര്യം പോരെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു സ്ഥലത്തേക്ക് യോഗം മാറ്റണമെന്ന് പറഞ്ഞ ബി.ജെ.പി നേതാക്കളോട് ഹിയർ ഐ ആം ദി ബോസ് എന്ന് പറഞ്ഞ മീണയ്‌ക്ക്, കള്ളവോട്ട് വിവാദത്തിൽ സി.പി.എം, മുസ്ളീംലീഗ് പ്രവർത്തകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ല.
ഒരു ഇലക്ഷൻ കമ്മിഷന്റെ അധികാരം എന്തെന്ന് വ്യക്തമായി അറിയാവുന്ന ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥൻ മാത്രമല്ല താനെന്നും, കുട്ടിക്കാലം മുതൽക്കു തന്നെ അനീതികൾക്കെതിരെ നിശബ്‌ദനായി ഇരിക്കാൻ തനിക്ക് കഴിയുമായിരുന്നില്ലെന്നും പറയുകയാണ് ടീക്കാറാം മീണ. ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വ്യക്തിജീവിതത്തെ കുറിച്ച് മീണ മനസു തുറന്നത്.
ടീക്കാറാം മീണയുടെ വാക്കുകൾ-
'ഗ്രാമത്തിലെ പാവപ്പെട്ടവർക്കായി ശബ്ദം ഉയർത്തിയ ഒരു അച്ഛന്റെ മകനായിട്ടാണ് ഞാൻ വളർന്നത്. നീതിയും ന്യായയും എവിടെയും തുറന്നു പറയാൻ അദ്ദേഹം ശ്രമിക്കും. ഒരിക്കൽ ഒരു ഭൂവുടമ അച്ഛന്റെ നെഞ്ചിൽ തോക്ക് വച്ച് ഭീഷണിപ്പെടുത്തി. എന്നിട്ടുപോലും അദ്ദേഹം കുലുങ്ങിയില്ല. അച്ഛൻ എന്നോട് എപ്പോഴും പറയും. നമ്മൾ എല്ലാവരും മനുഷ്യരാണ്. പേടിയും വികാരങ്ങളുമെല്ലാം നമുക്ക് ഉണ്ടാകും. ജനിച്ചാൽ എന്തായാലും മരിക്കണം. മരിക്കുന്നെങ്കിൽ അഭിമന്യുവിനെ പോലെ മരിച്ചോ. ഒരു പോരാളിയായി തന്നെ മരിക്കണം. ജീവിതം ഒന്നേയുള്ളൂ..' ഈ വാക്കുകളാണ് ഔദ്യോഗിക ജീവിതത്തിലും എന്റെ കരുത്തായത്.
'ഞാനൊരു വലിയ കർഷക കുടുംബത്തിലാണ് ജനിച്ചത്. 25 അംഗങ്ങളുള്ള തറവാടാണ് ഇപ്പോഴും എന്റെ വീട്. നാട്ടിൽ പോകുമ്പോൾ ഇപ്പോഴും ഞാൻ തനി കർഷകനാകും. പുഴയിൽ പോയി നീന്തും. വീട്ടിൽ പശുക്കളുണ്ട്. അതിനൊക്കെ ഒപ്പമാണ് എന്റെ കുടുംബം ഇപ്പോഴും ജീവിക്കുന്നത്. ഞങ്ങൾ ആറു മക്കളാണ്. ഇതിൽ സ്‌കൂളിൽ പോയി പഠിച്ചത് രണ്ടുപേർ മാത്രമാണ്. ബാക്കിയെല്ലാവരും നിരക്ഷരരാണ്. എന്റെ അച്ഛന് ഒപ്പിടാൻ പോലും അറിയില്ല. അദ്ദേഹം ഇപ്പോഴും വിരൽമുദ്ര പതിക്കാറാണ് പതിവ്. എന്തിന് എറെ പറയുന്നു. എന്റെ ഭാര്യ അഞ്ചാം ക്ലാസുവരെ മാത്രമാണ് പഠിച്ചിട്ടുള്ളത്. 13ാം വയസിലാണ് വിവാഹം കഴിക്കുന്നത്. അങ്ങനെ വളരെ പാവപ്പെട്ട കർഷകന്റെ കുടുംബത്തിൽ നിന്ന് വന്നതായത് കൊണ്ട് വീട്ടിൽ ഇപ്പോഴും നിലത്തിരുന്നാണ് ഭക്ഷണം കഴിക്കാറുള്ളത്.
എന്റെ അച്ഛന് രണ്ടു പെൺമക്കളും നാലു ആൺമക്കളുമാണ്. ഞങ്ങൾ നാലുപേർ രാമലക്ഷ്മണഭരതശത്രുഘ്നൻമാരെ പോലെയാണ് ജീവിക്കുന്നത്. ഇതിൽ നാലുപേർ നിരക്ഷരരാണ്. കാരണം അന്ന് പഠിപ്പിക്കാൻ പണമില്ലായിരുന്നു അച്ഛന്. ഒരു രൂപ കിട്ടിയാൽ അത്ര വലിയ കാര്യമെന്ന് കരുതുന്ന കാലമല്ലേ അന്ന്. അപ്പോൾ എങ്ങനെ പഠിപ്പിക്കാനാണ്.