ins-kalvari

ന്യൂഡൽഹി: പ്രതിരോധ രംഗത്ത് ഇന്ത്യക്ക് കരുത്തേകാൻ നാവികസേനയ്‌ക്ക് മറ്റൊരു അന്തർവാഹിനി കൂടി പടയ്‌ക്കൊരുങ്ങുന്നു. പരീക്ഷണ ഘട്ടങ്ങൾ തുടങ്ങിക്കഴിഞ്ഞു. സ്‌കോർപീൻ ക്ലാസ് അന്തർവാഹിനികളിൽ നാലാമനായ ഐ.എൻ.എസ് വേല സേനയുടെ ഭാഗമാകാനൊരുങ്ങുന്നത്. ഗോവയിലെ മസഗോൺ ഡോക്‌യാർഡിലാണ് ഇതിന്റെ ഭാഗമായുള്ള പരീക്ഷണ യാത്രകൾ നടത്തുക. ഫ്രഞ്ച് കമ്പനിയായ ഡി.സി.എൻ.എസ് ആണ് നാവികസേനയ്‌ക്കായി അന്തർവാഹിനികൾ നിർമിക്കുന്നത്. ആറ് അന്തർവാഹിനികൾ നിർമിക്കാനാണ് കമ്പനിയുമായുള്ള കരാർ.

2005 ലാണ് ഇതുസംബന്ധിച്ച കരാർ യാഥാർത്ഥ്യമായത്. പ്രോജക്ട് 75 എന്ന പേരിൽ തുടങ്ങിയ പദ്ധതി പ്രകാരം ആദ്യത്തെ അന്തർവാഹിനി ഐ.എൻ.എസ് കൽവാരി കഴിഞ്ഞ വർഷം സേനയുടെ ഭാഗമായി. ഐ.എൻ.എസ് ഖണ്ഡേരി,ഐ.എൻ.എസ് കരഞ്ച് എന്നിവയെ സേനയുടെ ഭാഗമാകുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്. ഐ.എൻ.എസ് വസീർ, ഐ.എൻ.എസ് വാഗ്ഷീർ എന്നീ അന്തർവാഹിനികളുടെ നിർമാണം പുരോഗമിക്കുകയാണ്. ജലോപരിതല ആക്രമണം, ജലാന്തര ആക്രമണം, അന്തർ വാഹിനികളെ തകർക്കൽ, രഹസ്യ വിവരങ്ങൾ ചോർത്തൽ, മൈനുകൾ നിക്ഷേപിക്കൽ, നിരീക്ഷണം തുടങ്ങിയ ദൗത്യങ്ങൾക്കായി സ്‌കോർപീൻ ക്ലാസ് അന്തർവാഹിനികളെ നിയോഗിക്കാനാകും.

കടലിലെ ഏത് സാഹചര്യത്തിലും ദൗത്യനിർവണത്തിനുള്ള കാര്യശേഷി സ്‌കോർപീൻ ക്ലാസ് അന്തർവാഹിനികൾക്കുണ്ട്. നാവിക സേന നിർദേശിച്ച സംവിധാനങ്ങൾകൂടി സന്നിവേശിപ്പിച്ചവയാണ് ഇവ. കടലിനടിയിൽ എളുപ്പത്തിൽ കണ്ടുപിടിക്കാനാകാതെ ശക്തമായ ആക്രമണം നടത്താൻ ശേഷിയുള്ളതാണ് ഐ.എൻ.എസ് കൽവരി. ഫ്രാൻസിന്റെ സാങ്കേതിക സഹായത്തോടെ നിർമിക്കുന്ന ആറ് സ്‌കോർപീൻ വിഭാഗം അന്തർവാഹിനികളിൽ ആദ്യത്തേതായിരുന്നു കൽവരി. ഫ്രഞ്ച് കമ്പനിയായ ഡി.സി.എൻ.എസ് തന്നെയാണ് അന്തർവാഹിനി നിർമാണത്തിൽ അന്നും ഇന്ത്യയുമായി സഹകരിച്ചത്.