വാഷിംഗ്‌ടൺ: ഇറാന് ശക്തമായ സന്ദേശം നൽകാനായി വിമാനവാഹിനി കപ്പലിനെയും ബോംബർ ടാസ്‌ക് ഫോഴ്‌സിനെയും പശ്ചിമേഷ്യയിലേക്ക് അയച്ചതായി അമേരിക്കൻ സുരക്ഷാ വക്താവ് ജോൺ ബോൾട്ടൺ അറിയിച്ചു. യു.എസ്.എസ് എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലും ബോംബർ ടാസ്‌ക് ഫോഴ്സുമാണ് മേഖലയിലേക്ക് തിരിച്ചിരിക്കുന്നത്. ഇറാനിൽ നിന്നും അടുത്തിടെയായി വർദ്ധിച്ച് വരുന്ന ഭീഷണി മറികടക്കാനാണ് സേനാ വിന്യാസമെന്നും ഒരു യുദ്ധം അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അമേരിക്കയുടെയോ സഖ്യകക്ഷികളുടെയോ താത്പര്യങ്ങളെ ഹനിക്കുന്ന രീതിയിലുള്ള നീക്കം ഇറാനിൽ നിന്നുണ്ടായാൽ വൻ തിരിച്ചടി നേരിടേണ്ടി വരുമെന്നും ബോൾട്ടൺ അറിയിച്ചു. അതേസമയം, പശ്ചിമേഷ്യയ്‌ക്ക് പുറമെ തെക്കൻ ചൈനാ കടലിലേക്കും അമേരിക്ക സേനാ വിന്യാസം നടത്തിയത് ലോകത്ത് യുദ്ധഭീഷണി സൃഷ്‌ടിച്ചിട്ടുണ്ട്.
അതേസമയം, ഇപ്പോഴത്തെ സൈനിക വിന്യാസം എന്തിനാണെന്ന് വ്യക്തമാക്കാൻ അമേരിക്കൻ പ്രതിരോധ മന്ത്രാലയം തയ്യാറായിട്ടില്ല. ഇറാനിൽ നിന്നുള്ള സുരക്ഷാഭീഷണിയെന്ന പേരിൽ അമേരിക്ക ഉന്നയിക്കുന്ന വിഷയം കഴിഞ്ഞ 24 മണിക്കൂറിനിടെ സംഭവിച്ചതാണെന്നാണ് പ്രതിരോധ വിദഗ്‌ദ്ധരുടെ അഭിപ്രായം. അമേരിക്കയ്‌ക്ക് ഭീഷണിയാകുന്ന നിലയിൽ ഇറാനിൽ നിന്ന് യാതൊരു നീക്കവും ഉണ്ടായിട്ടില്ലെന്നും ഇവർ പറയുന്നു. എന്നാൽ ഗാസ മുനമ്പിൽ ഇസ്രയേലും പാലസ്‌തീനും തമ്മിൽ നടക്കുന്ന സംഘർഷത്തെ തുടർന്നാകാം പെട്ടെന്നുള്ള സൈനിക നീക്കത്തിന് അമേരിക്ക മുതിർന്നതെന്നും കരുതുന്നു. കുറച്ച് ദിവസങ്ങളായി പാലസ്‌തീൻ സംഘടനയായ ഹമാസും ഇസ്രയേൽ സേനയും പരസ്പരം ഏറ്റുമുട്ടുകയാണ്. ഇതിനിടയിൽ പ്രദേശത്ത് ഇരുവിഭാഗങ്ങളും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത് കൂടുതൽ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.
അതിനിടെ അപ്രതീക്ഷിതമായി യുദ്ധക്കപ്പലുകൾ വിന്യസിച്ചത് അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ വഷളാകുമെന്നാണ് വിലയിരുത്തൽ. ഇരുരാജ്യങ്ങളും തമ്മിൽ അടുത്ത കാലത്തായി നല്ല ബന്ധത്തിലായിരുന്നില്ല. ഇറാനുമായി മുൻ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ 2015ൽ ഒപ്പിട്ട ആണവ കരാറിൽ നിന്ന് ഇക്കഴിഞ്ഞ മേയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻമാറിയിരുന്നു. ഇറാന് മേലുണ്ടായിരുന്ന ഉപരോധങ്ങളും അദ്ദേഹം പുനസ്ഥാപിച്ചു. ഇറാനിലെ സേനാ വിഭാഗമായ വിപ്ലവ ഗാർഡിനെ ഭീകരസംഘമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പുറമെ ഇറാനിൽ നിന്ന് പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങരുതെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്‌തിരുന്നു.